
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാനസികാരോഗ്യ വിഭാഗത്തിലുള്ള ഡോക്ടര്‍ക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗ ലക്ഷണം പ്രകടമായ ശേഷം ഇദ്ദേഹം ആശുപത്രിയില്‍ എത്തിയിട്ടില്ല എന്നാണ് അറിയുന്നത്.
നേരത്തേ ജനറല്‍ ആശുപത്രിയില്‍ ചെല്ലാനത്തു നിന്നുള്ള കോവിഡ് രോഗി എത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ 76 പേര് ക്വാറന്റീനില്‍ പോയിരുന്നു. ആശുപത്രിയില്‍ വച്ചു തന്നെയായിരിക്കാം രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രി കോവിഡ് കേന്ദ്രം ആക്കിയിട്ടുള്ളതിനാല്‍ മറ്റ് രോഗങ്ങളുടെ ചികിത്സകളെല്ലാം നടത്തുന്നത് ജനറല്‍ ആശുപത്രിയിലാണ്. അതുകൊണ്ട് തന്നെ ഇവിടെ എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ട്.