സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് ഇടുക്കി സ്വദേശി

കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍(75) ആണ് മരിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് ഇടുക്കി സ്വദേശി

ഇടുക്കി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കി അയ്യപ്പന്‍കോവില്‍ സ്വദേശി നാരായണന്‍(75) ആണ് മരിച്ചത്. ഇന്നലെയാണ് ഇദ്ദേഹത്തിന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ 14ാം തീയതിയാണ് ഇദ്ദേഹം മകനുമായി തമിഴ്‌നാട്ടിലെ കമ്പത്ത് നിന്ന് നാട്ടിലെത്തിയത്. കൃത്യമായ പാസില്ലാതെയാണ് ഇവര്‍ നാട്ടിലെത്തിയത്. അയ്യപ്പന്‍ കോവില്‍ അഞ്ചേക്കര്‍ ഏലത്തോട്ടത്തിന് നടുവിലായിട്ടാണ് ഇദ്ദേഹത്തിന്റെ വീടുള്ളത്. അതുകൊണ്ടുതന്നെ ഇവര്‍ നാട്ടിലെത്തിയത് ആരും അറിഞ്ഞിരുന്നില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വീട്ടിലെത്തി സ്രവം പരിശോധിച്ചത്. ആദ്യം പരിശോധനയ്ക്ക് ഇവര്‍ സന്നദ്ധരായിരുന്നില്ല. പിന്നീട് ബലമായി സ്രവം പരിശോധനയ്‌ക്കെടുക്കുകയായിരുന്നു.

ഇന്നലെ പരിശോധനാഫലം പുറത്തുന്നപ്പോള്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണുള്ളത്. നിലവില്‍ ഇടുക്കി ജില്ലയില്‍ 4 പേരാണ് കോവിഡ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചത്.

Related Stories

Anweshanam
www.anweshanam.com