സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട്

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് അധികൃതരില്‍ ആശങ്ക സൃഷ്ടിക്കുന്നത്.
സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട്

കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹവ്യാപന സാധ്യത തടയാനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി അധികൃതര്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ സമൂഹവ്യാപന സാധ്യതയും ആരോഗ്യവകുപ്പ് മുന്നില്‍ കാണുന്നു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നതാണ് അധികൃതരില്‍ ആശങ്ക സൃഷ്ടിക്കുന്നത്.

ഇന്ന് മുതല്‍ കൂടുതല്‍ പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കാനും രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ദ്രുതകര്‍മ്മസേന വഴിയുള്ള ബോധവത്കരണത്തിലൂടെ സമൂഹവ്യാപനത്തിനുള്ള സാധ്യതകള്‍ തടയാനുമാണ് ആരോഗ്യവകുപ്പിന്റെയും ജില്ലാനേതൃത്വത്തിന്റെയും നടപടി.

കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം 600 കടന്നിരുന്നു. കഴിഞ്ഞ ദിവസം രോഗവ്യാപനത്തെ തുടര്‍ന്ന പാളയം മാര്‍ക്കറ്റ് അടക്കേണ്ടതായും വന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ച് തന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് അധികൃതരുടെ നീക്കം.

ജില്ലയില്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ തിരിച്ചുകൊണ്ടുവരുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നുണ്ട്. രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ 50 ബെഡുകള്‍ വീതമുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കാനും ഒരുങ്ങുന്നുണ്ട്.

അതേസമയം രാജ്യത്തെ കോവിഡ് രോഗവ്യാപന നിരക്കില്‍ കേരളം തന്നെ ഒന്നാം സ്ഥാനത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 3.4 ശതമാനമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗവ്യാപനനിരക്ക്. ഇതേനില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രതിദിനരോഗികളുടെ എണ്ണം 10,000 കടക്കാനിടയുണ്ടെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യമുണ്ടായാല്‍ സംസ്ഥാനത്തെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 750000 വരെയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
രോഗവ്യാപന നിരക്കില്‍ ഛത്തീസ്ഗഢും അരുണാചല്‍പ്രദേശുമാണ് കേരളത്തിനു തൊട്ടുപിന്നിലുള്ളത്. ഇരുസംസ്ഥാനങ്ങളിലെയും രോഗവ്യാപനനിരക്ക് മൂന്നുശതമാനമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളത്തിന് നാലാം സ്ഥാനമാണ്. മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കര്‍ണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്.

Related Stories

Anweshanam
www.anweshanam.com