തിരുവനന്തപുരത്ത് 161 പേര്‍ക്ക് കോവിഡ്; ലോക്ക്ഡൗണ്‍ തുടരും

ലോക്ക്ഡൗണില്‍ ഇളവ് നല്‍കണോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്
തിരുവനന്തപുരത്ത് 161 പേര്‍ക്ക് കോവിഡ്; ലോക്ക്ഡൗണ്‍ തുടരും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 65 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ജില്ലയില്‍ ഗുരുതര സാഹചര്യം തുടരുന്നതിനാല്‍ ലോക്ക്ഡൗണ്‍ തുടരും. ലോക്ക്ഡൗണില്‍ ഇളവ് നല്‍കണോ എന്ന് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോക്ക്ഡൗണില്‍ തീരുമാനമെടക്കും.

ജില്ലയില്‍ ഇന്ന് 2723 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്. തിരുവനന്തപുരം ജില്ലയില്‍ പുതുതായി 963 പേര്‍ രോഗനിരീക്ഷണത്തിലായി. 1,281 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,316പേര്‍ വീടുകളിലും 1,254 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 185 പേരെ പ്രവേശിപ്പിച്ചു. 224 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ലാര്‍ജ് ക്ലസ്റ്ററുകളായ പുല്ലുവിള, പുതുക്കുറച്ചി അഞ്ച് തെങ്ങ് എന്നിവിടങ്ങളിലെ സമീപ പ്രദേശങ്ങളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്. ലാര്‍ജ് ക്ലസ്റ്ററില്‍ മാത്രം ഇന്നലെ 1428 കൊവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 35 എണ്ണം പോസിറ്റീവ് ആയി. പാറശാല, പൊഴിയൂര്‍ ലിമിറ്റഡ് കമ്യണിറ്റി ക്ലസ്റ്ററുകല്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.

പുലയനാര്‍ക്കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്റിനും രോഗം പിടിപെട്ടു. ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ കൊവിഡ് പ്രതിരോധത്തിന് തലസ്ഥാനത്ത് വലിയ തിരിച്ചടിയായേക്കും.

അതേസമയം പേരൂര്‍ക്കട എസ്.എ.പി ക്യാമ്ബില്‍ പരിശീലനം നടത്തിയിരുന്ന ഒരു പൊലീസുകാരന് കൂടി രോഗം സ്ഥിരീകരിച്ചു. അഞ്ച് ദിവസം മുമ്ബ് സ്രവം ശേഖരിച്ചിരുന്നങ്കിലും മറ്റ് ട്രെയിനികള്‍ക്കൊപ്പമാണ് ഇദ്ദേഹത്തെയും താമസിപ്പിച്ചിരുന്നത്. സ്രവമെടുത്ത പൊലീസുകാരെ മാറ്റിപ്പാര്‍പ്പിക്കുന്നില്ലെന്നും പൊലീസുകാര്‍ക്കിടയില്‍ പരാതിയുണ്ട്.

സംസ്ഥാനത്ത് ആകെ ഇന്ന് 702 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 745 പേര്‍ രോഗമുക്തരായി.

Related Stories

Anweshanam
www.anweshanam.com