അടുത്ത രണ്ടാഴ്ച നിര്‍ണായകം; ശക്തമായ രോഗവ്യാപനത്തിന് സാധ്യതയെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala

അടുത്ത രണ്ടാഴ്ച നിര്‍ണായകം; ശക്തമായ രോഗവ്യാപനത്തിന് സാധ്യതയെന്ന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കുന്നതെന്നും എന്നാല്‍ അക്കാരണം കൊണ്ട് ഒരു നിയന്ത്രണവും വേണ്ട എന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

News Desk

News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധ രൂക്ഷമായി തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ചക്കാലം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഈ കാലയളവ് അങ്ങേയറ്റം നിര്ണായകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോവിഡിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിക്കുന്നതെന്നും എന്നാല്‍ അക്കാരണം കൊണ്ട് ഒരു നിയന്ത്രണവും വേണ്ട എന്ന് ആരും കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ വ്യക്തിപരമായ ജാഗ്രത പാലിക്കണമെന്നും എല്ലാം അടച്ചിട്ടുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും അടുത്ത രണ്ടാഴ്ച കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് മറ്റുള്ളവരിലേക്ക് എത്താതിരിക്കാനുള്ള പരിശ്രമം എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം. വയോജനങ്ങളുമായി എല്ലാവരും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ദിവസങ്ങളാണ് കഴിഞ്ഞുപോയത്. വയോജനങ്ങള്‍ക്കിടയില്‍ രോഗവ്യാപനം കൂടിയാല്‍ മരണ നിരക്ക് വര്‍ധിക്കുമെന്ന കാര്യം നാം ഓര്‍ക്കണം. നാം പ്രതീക്ഷിച്ച തരത്തിലുള്ള രോഗവ്യാപനം കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ല. എന്നാല്‍ അടുത്ത 14 ദിവസം അതീവ ജാഗ്രത പാലിക്കണം. പുതിയ ക്ലസ്റ്ററുകള്‍ രൂപംകൊള്ളാനും ശക്തമായ രോഗവ്യാപനത്തിനുമുള്ള സാധ്യത നാം മുന്നില്‍ക്കാണണം.

ഇത്തരത്തിലുള്ള ജാഗ്രത എത്രകാലം പാലിക്കണമെന്നാണ് പലരും ചോദിക്കുന്നത്. വാക്‌സിന്‍ വരുന്നതുവരെ എന്നുമാത്രമെ ഉത്തരമുള്ളൂ. നാം പുലര്‍ത്തേണ്ട ജാഗ്രതയെ സോഷ്യല്‍ വാക്‌സിന്‍ എന്ന നിലയില്‍ കാണണം. അത് തുടരുകതന്നെ ചെയ്യണം. ബ്രേക്ക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്‌സിന്‍ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ ഫലപ്രദമായി നടപ്പാക്കേണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Anweshanam
www.anweshanam.com