സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
Kerala

സംസ്ഥാനത്ത് ഇന്ന് 127 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ

By News Desk

Published on :

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 127 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 57 പേർക്കാണ് ഇന്ന് രോഗമുക്തി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വരെയുള്ള ഏറ്റവും കൂടുതൽ കണക്കാണിത്. പുതിയ കൊവിഡ് രോഗികളിൽ 87 പേർ വിദേശത്ത് നിന്നും 36 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചു. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്. കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസർകോട് 7, തൃശ്ശൂർ 6, മലപ്പുറം - വയനാട് - തിരുവനന്തപുരം 5, കണ്ണൂർ, ആലപ്പുഴ - 4, ഇടുക്കി 1 - അങ്ങനെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇന്ന് കൊവിഡ് കേസുണ്ട്.

ഇന്ന് 4217 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ കേരളത്തിൽ 3039 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1450 പേർ നിലവിൽ ചികിത്സയിലുണ്ട്. 139402 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2036 പേർ ആശുപത്രിയിലാണ്. 288 പേരെ ഇന്ന് ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചു. ഇതുവരെ 1,78,559 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 3393 സാംപിളുകളുടെ ഫലം വരാനുണ്ട്. സെൻ്റിനൽ സർവൈലൻസിൻ്റെ ഭാഗമായി 37,137 സാംപിളുകൾ ശേഖരിച്ചു 37,012 എണ്ണം ഇതിൽ നെഗറ്റീവാണ്. 111 ഹോട്ട് സോപ്ട്ടുകളാണ് നിലവിലുള്ളത്.

ഇന്നലെയും സംസ്ഥാനത്തെ ഏറ്റവും ഉയർന്ന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച 118 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേർക്കാണ് സമ്പർക്കം വഴി രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് ഇന്നലത്തെ കണക്കുകൾ കൂടി കണക്കിലെടുത്താൽ നാല് തവണയാണ് നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം അഞ്ചിന് 111-ഉം ആറിന് 108-ഉം ഏഴിന് 107 പേർക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് ഉറവിടമറിയാത്ത കേസുകൾ കൂടുന്നത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കൊവിഡ് ബാധ പടരാൻ സാധ്യതയുള്ള ചന്തകളും കടകളും അടയ്ക്കാനാണ് തീരുമാനം.

Anweshanam
www.anweshanam.com