കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മതിയായ ജീവനക്കാരില്ല

ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ കാത്തിരിക്കുകയാണ് അധികൃതര്‍.
കോവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ മതിയായ ജീവനക്കാരില്ല

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം നാൾക്കുനാൾ പെരുകി വരുമ്പോഴും രോഗികളെ പരിചരിക്കാൻ മതിയായ ആളില്ലാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി. സ്റ്റാഫ് നഴ്സ് അടക്കം 1723 ജീവനക്കാരുടെ കുറവ് നികത്താൻ ആരോഗ്യവകുപ്പിന്‍റെ ഇടപെടൽ കാത്തിരിക്കുകയാണ് അധികൃതര്‍.

ഐസിയുകളിലും വാർഡുകളിലും വരെ നഴ്സുമാരുടെ രൂക്ഷമായ ക്ഷാമമാണ് നിലവിലുള്ളത്. 69 കോവിഡ് വെന്റിലേറ്ററുകൾ നോക്കാൻ 268 സ്റ്റാഫ് നഴ്സ് വേണ്ടിടത്ത് 119 പേരുടെ കുറവാണുള്ളത്. 19 കിടക്കകളുള്ള മെഡിക്കൽ ഐസിയുവിൽ 35 സ്റ്റാഫ് നഴ്സ് വേണമെന്നിരിക്കെ ഉള്ളത് 20 പേർ മാത്രം. രോഗിയെ പുഴുവരിച്ച ആറാം വാർഡിലും ആവശ്യമുള്ളതിന്‍റെ പകുതി നഴ്സുമാരേ ഡ്യൂട്ടിക്ക് ഉള്ളൂ.

കോവിഡ് വിഭാഗത്തിൽ 368ഉം കോവിഡ് ഇതര വിഭാഗത്തിൽ 490ഉം സ്റ്റാഫ് നഴ്സുകളുടെ കുറവുണ്ട്. നഴ്സിങ് അസിസ്റ്റന്റിന്റെ കാര്യത്തിൽ കോവിഡ് വിഭാഗത്തിൽ 196ഉം ഇതര വിഭാഗത്തിൽ 261ഉം പേർ കൂടി വേണം. ശുചീകരണത്തൊഴിലാളികളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്. കോവിഡായതിനാൽ രോഗികൾക്ക് കൂട്ടിരിപ്പുകാർ ഇല്ല. ഈ അധികഭാരം കൂടി നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ചുമലിലാണ്.

1954 കിടക്കകളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. ദിവസേന ശരാശരി 500ലധികം രോഗികൾ ഇവിടേക്ക് എത്തുന്നുണ്ട്. സൂക്ഷ്മ പരിചരണം വേണ്ട ഗുരുതരാവസ്ഥയിലുള്ളവരാണ് കോവിഡ് വിഭാഗത്തിൽ ചികിത്സക്കെത്തുന്നത്. ഇവിടെയാണ് ജീവനക്കാരുടെ എണ്ണം പരിതാപകരമായ അവസ്ഥയിൽ തുടരുന്നത്.

Related Stories

Anweshanam
www.anweshanam.com