കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി; മാർഗ നിർദേശവുമായി സർക്കാർ

രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ആണിത്
കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി; മാർഗ നിർദേശവുമായി സർക്കാർ

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണ അവധി റദ്ദാക്കി. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ആണിത്.

ഇതോടെ മുമ്പ് ലഭിച്ചിരുന്ന നിർദിഷ്ട ഓഫ് ഇനി മുതൽ കിട്ടില്ലെന്നും മാർഗ നിർദേശത്തിൽ പറയുന്നു. കേന്ദ്ര മാർഗ രേഖ പിന്തുടർന്നാണ് തീരുമാനാണെന്നാണ് വിശദീകരണം.

ജീവനക്കാരെ വിവിധ പൂളുകളായി തിരിച്ചുള്ള ക്രമീകരണവും അവസാനിപ്പിക്കാനാണ് ഉത്തരവ്. ജീവനക്കാരുടെ വീക്ക്‌ലി, ഡ്യൂട്ടി കോമ്പന്‍സേറ്ററി അവധികള്‍ അനുവദിക്കും.

ആശുപത്രികള്‍ അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ മാത്രം ജീവനക്കാരുടെ റിസര്‍വ് പൂള്‍ രൂപവത്കരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

അതേസമയം, കോവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം വരുന്ന സാഹചര്യം ഉണ്ടായാൽ നിരീക്ഷണത്തിൽ വിടുന്നത് അടക്കമുള്ള കാര്യങ്ങൾ അതാത് ആശുപത്രികളിലെ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും.

മാർഗ നിർദേശത്തിനെതിരെ സർക്കാർ ഡോക്ടർമാർ പ്രതിഷേധം അറിയിച്ചു. അശാസ്ത്രീയമായ മാർഗ നിർദേശമാണെന്നാണ് വിമര്‍ശനം. കൂടുതൽ ജോലി ചെയ്യിപ്പിക്കാൻ ഉള്ള സർക്കാർ നടപടിയാണ് ഇതെന്നും ആരോഗ്യ മന്ത്രിയെ നേരിൽ കാണുമെന്നും ഡോക്ടർമാർ അറിയിച്ചു. മാറ്റം വരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെജിഎംഒഎ പ്രതികരിച്ചു.

Related Stories

Anweshanam
www.anweshanam.com