ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍ ഇന്ന് പ്രത്യേക കോടതി പരിഗണിക്കും
Kerala

ദിലീപിന്റെ ജാമ്യം റദ്ദാക്കല്‍ ഇന്ന് പ്രത്യേക കോടതി പരിഗണിക്കും

പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് പൊലീസ് കോടതിയെ സമീപിച്ചത്.

News Desk

News Desk

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി ഇന്ന് പ്രത്യേക കോടതി പരിഗണിക്കും. ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്.

ദിലീപും മുഖ്യപ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വെച്ച് ദീലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതിനകം 44 സാക്ഷികളുടെ വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു.

കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.

Anweshanam
www.anweshanam.com