ഡോളര്‍ കടത്തിയ കേസ്; സ്വപ്നയേയും സരിത്തിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
ഡോളര്‍ കടത്തിയ കേസ്; സ്വപ്നയേയും സരിത്തിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന സുരേഷിനേയും സരിതിനേയും അറസ്റ്റ് ചെയ്യാന്‍ അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഇതേതുടര്‍ന്ന് കസ്റ്റംസ് ജയിലിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.

സ്വര്‍ണക്കടത്ത് കേസ്, ഈന്തപ്പഴം കടത്തിയ കേസ് എന്നിവയ്ക്ക് പിന്നാലെയാണ് ഡോളര്‍ കടത്തിയ കേസിലും സ്വപ്നയേയും സരിത്തിനേയും അറസ്റ്റ് ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ് ഓഫീസര്‍ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം അമേരിക്കന്‍ ഡോളര്‍ കടത്തിയെന്നാണ് കേസ്. അന്വേഷണം മുന്നോട്ടു പോകാന്‍ ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും, വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.

അതേസമയം,സ്വര്‍ണക്കടത്ത് കേസില്‍ ഹംജത് അബ്ദുല്‍ സലാം, ടിഎം സംജു എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് എന്‍ഐഎ കോടതി വിശദമായ വാദം കേള്‍ക്കും. ദാവൂദ് ഇബ്രാഹിന്റെ സംഘവുമായി കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുള്ളതായി സംശയമുണ്ടെന്ന് എന്‍ഐഎ വാദിച്ചിരുന്നു.

ഹംജത് അബ്ദുല്‍ സലാമിന്റെ ദുബൈയില്‍ താമസിക്കുന്ന മകന്റെ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധം അന്വേഷിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരാന്‍ രാജു എന്ന പ്രതിയെയാണ് നിയോഗിച്ചത്. പിന്നീട് കേസ് പുറത്ത് വന്നപ്പോള്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനായി രാജുവിനെ വിദേശത്തേക്ക് അയച്ചു. രാജുവിന് വിദേശത്ത് സംരക്ഷകരുണ്ടെന്നും എന്‍ഐഎ ആരോപിച്ചു.

Related Stories

Anweshanam
www.anweshanam.com