കോർപ്പറേഷൻ ലൈസൻസിന്റെ പേരിൽ വ്യാപാരികളെ കൊള്ളയടിച്ച് സർക്കാർ

കോവിഡിന്റെ പശ്ചാത്തലത്തിൽ പലർക്കും ലൈസൻസ് പുതുക്കാൻ സാധിച്ചിരുന്നില്ല.
കോർപ്പറേഷൻ ലൈസൻസിന്റെ പേരിൽ വ്യാപാരികളെ കൊള്ളയടിച്ച് സർക്കാർ

തിരുവനന്തപുരം: കോർപ്പറേഷൻ ലൈസൻസ് പുതുക്കുന്നതിന്റെ പേരിൽ വ്യാപാരികളുടെ കയ്യിൽ നിന്ന് പിടിച്ചുപറി നടത്തി സർക്കാർ. കോർപ്പറേഷൻ പരിധികളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കാനായി എത്തുന്നവരുടെ കയ്യിൽ നിന്നാണ് കോവിഡ് കാലത്ത് പിഴയായി പതിനായിരങ്ങൾ ഈടാക്കുന്നത്. പതിനായിരം രൂപ ലൈസൻസ് ഫീസ് അടക്കേണ്ട സ്ഥാപന ഉടമകൾ ഇപ്പോൾ മുപ്പത്തിഅയ്യായിരം രൂപ വരെ അടക്കേണ്ട സ്ഥിതിയാണ്.

ഫെബ്രുവരിയിലാണ് ലൈസൻസ് പുതുക്കേണ്ട സമയം. മാർച്ച് വരെ ഇത് തുടരാം. ഏപ്രിൽ മുതൽ പിഴ ഈടാക്കി തുടങ്ങും. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പലർക്കും ഈ സമയത്ത് ലൈസൻസ് പുതുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് ലോക്ക് ഡൗൺ കൂടി വന്നതോടെ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരികയും ചെയ്‌തു. എന്നാൽ ലോക്ക് ഡൗൺ സമയത്ത് ലൈസൻസ് പുതുക്കുന്നതിനുള്ള കാലാവധി സർക്കാർ ജൂൺ 30 വരെ നീട്ടിയിരുന്നു. ഇത് വ്യാപാരികൾക്ക് ഏറെ ആശ്വാസം പകർന്ന നടപടി ആയിരുന്നു.

എന്നാൽ, ലോക്ക് ഡൗൺ മാറിയെങ്കിലും തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ കോവിഡ് രോഗം വ്യാപിച്ചതോടെ അടച്ചിടൽ തുടരുന്നു. ഇതോടെ വ്യാപാരികളുടെ ലൈസൻസ് പുതുക്കൽ വീണ്ടും നീണ്ടു. ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വ്യാപാരികൾ ലൈസൻസ് പുതുക്കാൻ എത്തിയതോടെയാണ് വൻ തുക പിഴ ഇനത്തിൽ അടക്കാൻ ഇവർ നിര്ബന്ധിതരാകുന്നത്. സർക്കാർ നേരത്തെ നീട്ടി നൽകിയിരുന്ന സമയത്തെത് ഉൾപ്പെടെയുള്ള പിഴ അടക്കണ്ടേ ഗതികേടിലാണ് വ്യാപാരികൾ.

മാർച്ച് മുതൽ ഉള്ള അഞ്ച് മാസത്തെ പിഴയാണ് ഇപ്പോൾ വ്യാപാരികൾ ലൈസൻസ് പുതുക്കി കിട്ടാൻ നൽകേണ്ടത്. ലോക്ക് ഡൗൺ കാലത്ത് നീട്ടി നൽകിയ തിയ്യതി കാലത്തെയും പിഴ ഈടാക്കുന്നത് വ്യാപാരികളോട് സർക്കാർ കാണിക്കുന്ന ക്രൂരതയാണെന്ന് വ്യാപാരികൾ പറയുന്നു. മാർച്ച് മുതലുള്ള അഞ്ച് മാസത്തിനിടയ്ക്ക് തിരുവനന്തപുരം ഉൾപ്പെടെയുള്ള വ്യാപാരികൾക്ക് ആകെ കച്ചവടം നടത്താൻ സാധിച്ചത് ഏതാനും ദിവസങ്ങൾ മാത്രമാണ്. കച്ചവടം വളരെ കുറഞ്ഞതോടെ കനത്ത നഷ്‌ടത്തിൽ തുടരുന്ന പല വ്യാപാരികളും ഇപ്പോൾ ഭീമമായ പിഴ കൂടി അടക്കേണ്ട സ്ഥിതിയിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com