
കോട്ടയം: ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് ഉള്‍പ്പെടെ എൻസിപിയെ പൂര്‍ണമായി യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പനും ഒപ്പമുള്ളവരും മാത്രം വന്നാലും സ്വീകരിക്കും. എൻസിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മാണി സി.കാപ്പന് കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതികരിച്ചു. ഇടതുബന്ധം ഉപേക്ഷിച്ച് വരികയാണെങ്കിൽ കാപ്പനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കാമെന്നും പാലായിൽ അദ്ദേഹം കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നും കോണ്‍ഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചതായാണ് സൂചന. കോണ്‍ഗ്രസ് പ്രവേശനത്തിന് ഹൈക്കമാൻഡ് അനുമതി നൽകിയെങ്കിലും ഇപ്പോഴും ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മാണി സി കാപ്പൻ മാത്രമാണോ അതോ എൻസിപി ഒന്നാകെ യുഡിഎഫിലേക്ക് വരുമോ എന്നതിന് അനുസരിച്ചാവും ബാക്കി കാര്യങ്ങൾ തീരുമാനിക്കപ്പെടുക.
എൻസിപി ഇടതുമുന്നണി വിടുന്നത് സംബന്ധിച്ച് ദേശീയനേതൃത്വം കൃത്യമായ തീരുമാനം എടുത്തിട്ടില്ല. ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷവും പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി സി കാപ്പൻ വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിൽ വ്യക്തമാക്കിയിരുന്നു. മുന്നണി മാറ്റത്തിലെ തീരുമാനം ദേശീയ നേതൃത്വത്തിന് വിട്ടെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.