കോട്ടയം നഗരസഭയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമത; ഭരണം നറുക്കിട്ട് തീരുമാനിക്കും

ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച സുനിത ബിനീഷും യുഡിഎഫിന് പിന്തുണ അറിയിച്ചു
കോട്ടയം നഗരസഭയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമത; ഭരണം നറുക്കിട്ട് തീരുമാനിക്കും

കോട്ടയം: കോട്ടയം നഗരസഭയില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച്‌ ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ യു.ഡി.എഫിനെ പിന്തുണക്കും. ഇതോടെ ഇരു മുന്നണികള്‍ക്കും സീറ്റുകള്‍ തുല്യമാകും. നറുക്കെടുപ്പിലൂടെയാണ് അധികാരം ആര്‍ക്കെന്ന് തീരുമാനിക്കുക. യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ അഞ്ച് വര്‍ഷത്തേക്ക് അധ്യക്ഷ സ്ഥാനം തനിക്കായിരിക്കുമെന്ന് ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു.

52 അംഗ കോട്ടയം നഗരസഭയില്‍ എല്‍.ഡി.എഫിന് നിലവില്‍ 22 സീറ്റാണ് ഉള്ളത്. ബിന്‍സി സെബാസ്റ്റ്യന്‍റെ പിന്തുണയുണ്ടെങ്കില്‍ യു.ഡി.എഫിനും 22 സീറ്റാവും. ഇതോടെ നറുക്കെടുപ്പില്‍ ഭാഗ്യം തുണക്കുന്നവര്‍ക്ക് നഗരസഭ ഭരണം കൈയാളാം. എന്‍.ഡി.എക്ക് എട്ട് സീറ്റുണ്ട്.

ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച സുനിത ബിനീഷും യുഡിഎഫിന് പിന്തുണ അറിയിച്ചു. ഇതോടെ യുഡിഎഫ് അംഗബലം 14 ആയി. എല്‍ഡിഎഫ് 12, എന്‍ഡിഎ 7 എന്നിങ്ങനെയാണ് ഏറ്റുമാനൂരിലെ കക്ഷി നില. ഒരു സ്വതന്ത്രന്‍ കൂടി ഒപ്പം എത്തുമെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായില്ലെന്ന് വിലയിരുത്തല്‍ ഉണ്ടായി. ജില്ലയില്‍ 104 ജനപ്രതിനിധികളുടെ കുറവ് ജോസ് പക്ഷത്തിന് ഉണ്ടായെന്നും. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ ക്ഷയിച്ചെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു

സ്‌പെഷ്യല്‍-പോസ്റ്റല്‍ വോട്ടുകളില്‍ കോട്ടയം ജില്ലയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും, ഇതിനെതിരെ തെളിവ് സഹിതം പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com