തെരഞ്ഞെടുപ്പ് തോല്‍വി; കെപിസിസി വീണ്ടും രാഷ്ട്രീയകാര്യ സമിതി ചേരും

ജനുവരി 6, 7 തിയതികളിലാണ് യോഗം ചേരുക
തെരഞ്ഞെടുപ്പ് തോല്‍വി; കെപിസിസി വീണ്ടും രാഷ്ട്രീയകാര്യ സമിതി ചേരും

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിനേറ്റ തോൽവി വിലയിരുത്താൻ വീണ്ടും രാഷ്ട്രീയകാര്യ സമിതി ചേരാൻ തീരുമാനം. നേതാക്കൾ നേരിട്ട് യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യോഗമാണ് ചേരുന്നത്. ജനുവരി 6, 7 തിയതികളിലാണ് യോഗം ചേരുക. യോഗത്തിന് മുന്നോടിയായി ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ ഓരോ ജില്ലയിലേയും റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. നിയോജക മണ്ഡലങ്ങളിലും കെ പി സി സി സെക്രട്ടറിമാർക്ക് ചുമതല നൽകും.

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടനവും തോൽവിയും വിലയിരുത്താൻ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോ​ഗം ചേർന്നിരുന്നു. സ്ഥാനാർത്ഥി നിർണയം ഗ്രൂപ്പ് അടിസ്ഥാനത്തിൽ ആയിരുന്നുവെന്ന് യോഗത്തിൽ വി.എം സുധീരൻ പറഞ്ഞു. പരമ്പരാഗത വോട്ട് ബാങ്കിൽ ചോർച്ച ഉണ്ടായെന്നും സുധീരൻ പറഞ്ഞു.

തോറ്റെന്ന് പറയാനെങ്കിലും നേതാക്കൾ തയാറാകണമെന്ന് വി ഡി സതീശൻ പറഞ്ഞു. കെ മുരളീധരന്റെ വിമർശനം പിണറായിയുടേത് പോലെ ആയിപ്പോയെന്ന് യോഗത്തിൽ എംഎം ഹസനും പറഞ്ഞു.

എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായിട്ടില്ലെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ വാദിച്ചത്. 2015-ലെ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഫലമാണ് അവർ ഈ വാദത്തിന് അടിസ്ഥാനമാക്കിയത്. പക്ഷേ 2015-ലെ കണക്കുകൾ നിരത്തി പാർട്ടിയും മുന്നണിയും നേരിട്ട പരാജയം മറച്ചുവയ്ക്കാനാവില്ലെന്ന് നേതാക്കൾ തിരിച്ചടിച്ചു.

യോഗത്തിൽ പങ്കെടുത്ത കെ.സുധാകരൻ അതിരൂക്ഷവിമർശനമാണ് നേതാക്കൾക്ക് നേരെ ഉയർത്തിയത്. വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തർക്കം അപകടമുണ്ടാക്കിയെന്ന് സുധാകരൻ യോഗത്തിൽ പറഞ്ഞു. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ താഴെത്തട്ടു മുതൽ അഴിച്ചു പണി വേണമെന്നും പ്രവർത്തിക്കാത്ത മുഴുവൻ പേരെയും ഒഴിവാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസിയിൽ തിരുത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച ജനറൽ സെക്രട്ടറിമാരേയും സെക്രട്ടറിമാരേയും വിളിച്ചു വരുത്തിയിട്ടുണ്ട്. പരാജയ കാരണം വിലയിരുത്താൻ ശനിയാഴ്ച പ്രത്യേക യോഗം വിളിക്കും. ഓരോ ജില്ലകളിലേയും പരാജയം യോഗത്തിൽ പ്രത്യേകം വിലയിരുത്തും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com