
എറണാകുളം: പി.ടി തോമസ് എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ പി.ടി തോമസിനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍. വിഷയം ചൂണ്ടിക്കാട്ടി എഐസിസിക്കും കെപിസിസിക്കും പരാതി നല്കി.
പി.ടി തോമസിനെ തൃക്കാക്കരയില്‍ മത്സരിപ്പിച്ചാല്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ എഐസിസിക്കും കെപിസിസിക്കും കത്ത് നല്‍കിയത്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തില്‍ എംഎല്‍എ പൂര്‍ണ പരാജയമാണെന്നും പാര്‍ട്ടി നേതാക്കളുമായി എംഎല്‍എ സഹകരിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. ഈ മണ്ഡലത്തിലുള്ളവരെ തന്നെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നു. അതേസമയം തൃക്കാക്കരയിലെ പ്രാദേശിക നേതാക്കള്‍ ആരും പരാതി കൊടുത്തിട്ടില്ലെന്ന് പി.ടി തോമസ് പ്രതികരിച്ചു. തൃക്കാക്കരയില്‍ മത്സരിക്കാനാണ് തനിക്ക് താത്പര്യമെന്നും പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും പി.ടി തോമസ് കൂട്ടിച്ചേര്‍ത്തു.