സലിം കുമാറില്ലെങ്കില്‍ ഞങ്ങളുമില്ല... കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

ഹൈബി ഈഡന്‍ എംപി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
സലിം കുമാറില്ലെങ്കില്‍ ഞങ്ങളുമില്ല... കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

കൊച്ചി: ഐഎഫ്എഫ്‌കെ യുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിംകുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജ്യാന്തര ചലച്ചിത്ര മേള ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. ഹൈബി ഈഡന്‍ എംപി ആണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല, കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സലിം കുമാറിനെ ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കിയിരുന്നു.

കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയില്‍ ദേശീയ അവാര്‍ഡ് ജേതാവായ സലിം കുമാറിനെ ഉള്‍പ്പെടുത്തിയില്ലെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകര്‍ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാര്‍ പ്രതികരിച്ചത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലീംകുമാര്‍ പറഞ്ഞു.

പ്രായത്തിന്റെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും തന്റെ ജൂനിയര്‍മാരായി കോളജില്‍ പഠിച്ചവരാണ്. ഇവര്‍ക്ക് താനുമായി രണ്ടോ മൂന്നോ വയസ്സ് വ്യത്യാസമേയുള്ളൂ. ഇത് വിഷയം രാഷ്ട്രീയമാണെന്നും സലീംകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളടക്കം ഒട്ടേറെ പേരാണ് സലിംകുമാറിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com