ഒഎംആര്‍ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് രഹസ്യ ഫയലുകള്‍ സര്‍ക്കാര്‍ പ്രസില്‍ നിന്ന് നഷ്ടമായി
Kerala

ഒഎംആര്‍ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് രഹസ്യ ഫയലുകള്‍ സര്‍ക്കാര്‍ പ്രസില്‍ നിന്ന് നഷ്ടമായി

പിഎസ്‌സിക്ക് ഈ മാസം കൈമാറേണ്ടിയിരുന്ന 27 ലക്ഷം കോപ്പികളുടെ സങ്കേതിക വിവരങ്ങളാണ് നഷ്ട്ടമായത്.

News Desk

News Desk

തിരുവനന്തപുരം: ഒഎംആര്‍ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസിലെ കമ്പ്യൂട്ടറില്‍നിന്നും ഔദ്യോഗിക ലാപ്‌ടോപ്പില്‍ നിന്നും നഷ്ടമായി. പിഎസ്‌സിക്ക് ഈ മാസം കൈമാറേണ്ടിയിരുന്ന 27 ലക്ഷം കോപ്പികളുടെ സങ്കേതിക വിവരങ്ങളാണ് നഷ്ട്ടമായത്.

സംഭവത്തില്‍ ഷൊര്‍ണൂര്‍ സര്‍ക്കാര്‍ പ്രസിലെ ഒന്നാം ഗ്രേഡ് ബൈന്‍ഡര്‍ വിഎല്‍. സജിയെ അച്ചടി വകുപ്പ് ഡയറക്ടര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സെക്ഷന്‍ മേധാവികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒഎംആര്‍ പ്രിന്റിങ്ങുമായി ബന്ധപ്പെട്ടാണ് ഷൊര്‍ണൂര്‍ പ്രസില്‍നിന്ന് സജിയെ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ സെന്‍ട്രല്‍ പ്രസില്‍ നിയമിച്ചത്. ഒഎംആര്‍ ഷീറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബാര്‍ കോഡിങ് രോഖപ്പെടുത്തുന്നതടക്കമുള്ള വിവരങ്ങളും ഇതുസംബന്ധിച്ച ഫയലുകളും സജി ഉപയോഗിച്ച ലാപ്‌ടോപ്പിലും കമ്പ്യൂട്ടറിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇയാളെ സ്ഥലം മാറ്റിയിരുന്നു.

പകരമെത്തിയ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയിലാണ് ഫയലുകള്‍ പലതും തിരിച്ചെടുക്കാനാകാത്ത വിധം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തിയത്. സംഭവം പുറം ലോകമറിയാതിരിക്കാന്‍ 40000 രൂപ നല്‍കി സ്വകാര്യ കമ്പനിയെക്കൊണ്ട് പുതിയ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ചു. ഇതുപയോഗിച്ച് അച്ചടിച്ച ഷീറ്റുകള്‍ വീണ്ടും പി.എസ്.സിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഒഎംആര്‍ ഷീറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഎസ്‌സി ഷീറ്റുകള്‍ സര്‍ക്കാര്‍ പ്രസുകളില്‍ അച്ചടിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഫയലികള്‍ നഷ്ടമായ കാര്യം പൊലീസില്‍ പരാതിപ്പെടാന്‍ ഉന്നത അധികാരികള്‍ തയാറായില്ല. സജി ഔദ്യോഗിക ലാപ്‌ടോപ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായും മറ്റ് പലയിടങ്ങളില്‍ കൊണ്ടുപോയതായും വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി.

രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ഇദ്ദേഹം മറ്റാര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോയെന്ന സംശയം സെക്ഷന്‍ മേലാധികാരികള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ മൂലം സംഭവം സസ്‌പെന്‍ഷനില്‍ ഒതുങ്ങി. ഫയലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഐടി വകുപ്പിന് കത്ത് നല്‍കിയതായി അച്ചടിവകുപ്പ് ഡയറക്ടര്‍ എ.ജയിംസ് രാജ് മാധ്യമത്തോട് പറഞ്ഞു. സെപ്റ്റംബറില്‍ പിഎസ്‌സി ആവശ്യപ്പെട്ട ഒഎംആര്‍ ഷീറ്റുകള്‍ അച്ചടിച്ച് നല്‍കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

Anweshanam
www.anweshanam.com