തകർന്നടിഞ്ഞ ടൂറിസം മേഖലയ്ക്ക് അടിയന്തിര സർക്കാർ സഹായം വേണമെന്ന് സികെടിഐ
Kerala

തകർന്നടിഞ്ഞ ടൂറിസം മേഖലയ്ക്ക് അടിയന്തിര സർക്കാർ സഹായം വേണമെന്ന് സികെടിഐ

കേരളത്തില്‍ വിവിധ ടൂറിസം രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 35 സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്ത കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞടുത്തു

By News Desk

Published on :

സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല ഗുരുതരമായ അതിജീവന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി അഭിപ്രായപ്പെട്ടു. കൊറോണ മഹാമാരി മൂലം ഉണ്ടായ ആഗോള പ്രതിസന്ധിയും യാത്രാനിയന്ത്രണങ്ങളും രാജ്യത്തെ ലോക്ക് ഡൗണ്‍ കാരണവും വിനോദ സഞ്ചാര മേഖല അതീവ പ്രതിസന്ധിയിലാണ്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായമേഖലയും സംസ്ഥാനത്തിന്റെ മൊത്ത വരുമാനത്തില്‍ 12% സംഭാവന ചെയ്യുന്നതും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 45000 കോടി വരുമാനവും 20 ലക്ഷത്തില്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതുമായ മേഖലയെ തകർച്ചയിൽ നിന്ന് പുനരുജ്ജീവിപ്പിക്കുന്നതിനായി അടിയന്തിരമായി സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പിലാക്കാന്‍ സംഘടന സര്‍ക്കാരിനോടാവശ്യപ്പെട്ടു.

കേരളത്തില്‍ വിവിധ ടൂറിസം രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 35 സംഘടനകള്‍ ചേര്‍ന്ന് രൂപം കൊടുത്ത കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി അടുത്ത വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞടുത്തു കൊണ്ട് പുനഃസംഘടിപ്പിച്ച വേളയിലാണ് ഉത്തേജന പാക്കേജ് ആവശ്യം ഉന്നയിച്ചത്.

എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍സ് ദേശിയ സീനിയര്‍ വൈസ് പ്രസിഡന്റുമായ ഇ. എം. നജീബിനെ വീണ്ടും പ്രസിഡന്റായും കേരള ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റി പ്രസിഡന്റ് സജീവ് കുറുപ്പ് (എംഡി, ആയുര്‍വേദ മന, തൃശ്ശൂര്‍ ) ജനറല്‍ സെക്രട്ടറിയും കേരള ക്ലാസിഫൈഡ് ആന്‍ഡ് അപ്രൂവ്ഡ് ഹോട്ടല്‍സ് പ്രസിഡന്റ് ജി ഗോപിനാഥ് (എംഡി, ബി ടി എച് സരോവരം കൊച്ചി) ഖജാന്‍ജിയും ആയ 65 അംഗ പുതിയ കാര്യനിര്‍വഹണ സമിതിയും അധികാരമേറ്റു.

നിലവിലെ സാഹചര്യത്തില്‍ കഴിഞ്ഞ 6 മാസമായി അടഞ്ഞു കിടക്കുന്ന കേരളത്തിലെ മുഴുവന്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ആയുര്‍വേദ സെന്ററുകള്‍, ഹോം സ്റ്റേകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, സാഹസിക വിനോദ സഞ്ചാര മേഖലയിലും ഇവന്റ് മാനേജ്മെന്റ് രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ തൊട്ട് ചെറുതും ഇടത്തരവും വലുതുമായി 30000 ത്തോളം വരുന്ന ടൂറിസം സംരംഭകര്‍ ചരിത്രത്തില്‍ ഇല്ലാത്തവിധം പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നതെന്ന് സി കെ ടി ഐ പ്രസിഡന്റ് ഇ എം നജീബ് പറഞ്ഞു.

സംരംഭകരില്‍ ചിലരും പരിചയ സമ്പന്നരും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ ജീവനക്കാരില്‍ ഭൂരിപക്ഷവും നിത്യവൃത്തിക്കായി, ടൂറിസം രംഗം ഒഴിവാക്കി മറ്റുപല കച്ചവടത്തിലേക്കും തൊഴിലിലേക്കും മാറി പോകുന്നത് ഭാവിയില്‍ ഈ മേഖലയ്ക്ക് വലിയ തിരിച്ചടി നേരിടുന്നതിന് കാരണമാകുമെന്ന് ആശങ്കപ്പെടുന്നതായും നജീബ് കൂട്ടിച്ചേര്‍ത്തു. ആദ്യ മൂന്നുമാസം ശമ്പളം കൊടുക്കാന്‍ സാധിച്ചെങ്കിലും ബഹുഭൂരിപക്ഷം പേരും ബാങ്ക് ലോണ്‍ എടുത്തു സംരംഭകത്വത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ആയതിനാല്‍

ഇപ്പോള്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്ന അവസ്ഥയാണ് കോവിഡ് പ്രതിസന്ധിമൂലം സംജാതമായത്. ആഗോളതലത്തില്‍ നമ്മുടെ പ്രധാനപ്പെട്ട വിപണികളായ യൂറോപ്പ്, ഇംഗ്ലണ്ട്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ എല്ലാം കര്‍ശന നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍,

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പോലും ഇനിയും അനിശ്ചിതമായി തുടരുന്ന അവസ്ഥയില്‍ അടിയന്തിര സാമ്പത്തിക സഹായം സര്‍ക്കാര്‍ ഈ മേഖലയ്ക്ക് പ്രഖ്യാപിച്ചില്ലെങ്കില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ വിദേശവരുമാനം നേടിത്തരുന്ന ഒരു മേഖല കൂടി അടച്ചു പൂട്ടേണ്ടുന്ന അവസ്ഥയാണെന്ന് ജനറല്‍ സെക്രട്ടറി സജീവ് കുറുപ്പ് അഭിപ്രായപ്പെട്ടു.

നിലവില്‍ കേന്ദ്രസര്‍ക്കാരും റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും പ്രഖ്യാപിച്ചിരിക്കുന്ന ബാങ്ക് ലോണ്‍ മൊറട്ടോറിയം 2021 മാര്‍ച്ച് 31 വരെ നീട്ടാനും ഇലക്ട്രിസിറ്റി താരിഫിലെ ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് വരുത്താനും അടുത്ത ഒരു വര്‍ഷത്തേക്ക് ജിഎസ്ടി അടക്കമുള്ള ഇളവുകളും ഈ മേഖലക്കായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സി കെ ടി ഐ പൊതുയോഗം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ 2021 സെപ്തംബര്‍ ആവാതെ ടൂറിസം മേഖല സാധാരണ നിലയില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ആഗോള തലത്തിലെ ചലനങ്ങള്‍ നിരീക്ഷിച്ചു വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ 30 വര്‍ഷംകൊണ്ട് കേരളത്തിലെ സ്വകാര്യമേഖലയും സര്‍ക്കാരും തോളോടുതോള്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയ ഇന്ത്യയിലെ തന്നെ ഒരേ ഒരു ടൂറിസം സൂപ്പര്‍ ബ്രാന്‍ഡ് ആയ കേരള ടൂറിസത്തിന്റെ നിലനില്‍പ്പിനായി സര്‍ക്കാര്‍ അടിയന്തിര ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍, ഈ മേഖലയെ ഒരിക്കല്‍ കൂടി സാധാരണ നിലയില്‍ എത്തിക്കാന്‍ പോലും വര്‍ഷങ്ങളുടെ ശ്രമം ആവശ്യമായി വരുമെന്ന് നജീബ് അറിയിച്ചു.

ഇപ്പോഴത്തെ അവസ്ഥയില്‍ കേരളത്തില്‍ ടൂറിസം വീണ്ടും തുടങ്ങണമെങ്കില്‍, ഈ മേഖലയില്‍ നിന്നുള്ള മൊത്ത വരുമാനത്തിന്റെ 10 % അഥവാ 4500 കോടി എങ്കിലും അടിയന്തിര സഹായമായി പുനരുദ്ധാരണ പാക്കേജ് എന്ന നിലയില്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രിക്കും ടൂറിസം വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ കേരളത്തിലെ മുഴുവന്‍ ടൂറിസം സംരംഭകരുടെയും ജീവനക്കാരുടെയും പ്രാതിനിധ്യമുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നു. ഇനിയുള്ള നാളുകളില്‍ ഈ മേഖലയുടെ പുനരുജ്ജീവനവും ശക്തിപ്പെടുത്താലും ജീവനക്കാരുടെയും സംരംഭകരുടെയും അതിജീവനവും ആണ് പ്രാഥമിക കര്‍ത്തവ്യവും ലക്ഷ്യവുമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

Anweshanam
www.anweshanam.com