സ്പ്രിന്‍ക്ലര്‍ കരാറില്‍ വീഴ്ചയെന്ന് ഉന്നത സമിതി അന്വേഷണ റിപ്പോര്‍ട്ട്

കരാര്‍ ഒപ്പിടും മുന്‍പ് പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതായി സമിതി കണ്ടെത്തി.
സ്പ്രിന്‍ക്ലര്‍ കരാറില്‍ വീഴ്ചയെന്ന് ഉന്നത സമിതി അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കരാറില്‍ വീഴ്ചയുണ്ടായതായി ഉന്നത സമിതി അന്വേഷണ റിപ്പോര്‍ട്ട്. കരാര്‍ ഒപ്പിടും മുന്‍പ് പാലിക്കേണ്ട നടപടി ക്രമങ്ങളില്‍ വീഴ്ച സംഭവിച്ചതായി സമിതി കണ്ടെത്തി. നിയമ വകുപ്പുമായി ആലോചിച്ചില്ലെന്നും കരാര്‍ ഒപ്പിടാന്‍ എം ശിവശങ്കര്‍ മുന്‍കൈ എടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് സമിതി സര്‍ക്കാരിന് കൈമാറി.

1.84 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിന് ലഭ്യമായതായും മാധവന്‍ നമ്പ്യാര്‍-ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. 23 പേജുള്ള റിപ്പോര്‍ട്ടില്‍ കരാറില്‍ വീഴ്ച സംഭവിച്ചുവെന്നത് ചൂണ്ടിക്കാട്ടുന്നു. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാറിനെ സമീപിച്ചത് സ്പ്രിന്‍ക്ലറാണ്. കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിന്‍ക്ലറിന് ലഭ്യമായി. ഇത് 10 ദിവസത്തിനകം സി-ഡിറ്റിന്റെ സര്‍വറിലേക്ക് മാറ്റി. വിവര ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാറിന് സംവിധാനമില്ല.

എന്നാല്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ നഷ്ടമായിട്ടില്ല എന്നും സമിതി പറയുന്നു. വിവര സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. സ്പ്രിന്‍ക്ലര്‍ കരാര്‍ വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത സമിതിയെ നിയോഗിച്ചത്.

Related Stories

Anweshanam
www.anweshanam.com