
ആലപ്പുഴ: കായംകുളത്ത് തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷൻ വിതരണം ചെയ്തെന്ന ആരോപത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം പെൻഷൻ നൽകാനെത്തിയത് യാദൃശ്ചികമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കളക്ടർ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറി.
പെന്ഷന് എത്തിച്ചത് പോളിംഗ് ഉദ്യോഗസ്ഥരുടെ അറിവോടെയല്ല. എന്നാല്‍ പെന്ഷന് എത്തിച്ച ജീവനക്കാരന് വോട്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പരാതിയെ തുടര്‍ന്ന് സഹകരണ ബാങ്ക് ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കായംകുളത്ത് തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി ഉയർന്നത്. കായംകുളം 77-ാം മണ്ഡലത്തിലായിരുന്നു സംഭവം. തപാൽ വോട്ട് ചെയ്യിക്കാൻ എത്തിയവർക്കൊപ്പം ക്ഷേമ പെൻഷൻ നൽകാനും ആൾ എത്തിയതാണ് വിവാദമായത്. സഹകരണ ബാങ്കിലെ ജീവനക്കാരനായിരുന്നു വോട്ടെടുപ്പ് സമയത്ത് പെൻഷൻ നൽകാനെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ വാർത്ത പുറത്തുവന്നതോടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.
സംഭവത്തിന്റെ വീഡിയോയും യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. "രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്ഷന് 2,500 രൂപയാണ്' എന്ന് പെന്ഷന് കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന് വയോധികയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.