പ്രധാനമന്ത്രിക്ക് അയച്ച കത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍
Kerala

പ്രധാനമന്ത്രിക്ക് അയച്ച കത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാൻ; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍

നമന്ത്രിക്ക് അയച്ച കത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കത്ത് മുഖ്യമന്ത്രിയുടെ ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

By News Desk

Published on :

തിരുവനന്തപുര൦: യുഎഇ കോണ്‍സുലേറ്റുവഴി നടന്ന സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കത്ത് മുഖ്യമന്ത്രിയുടെ ചെപ്പടി വിദ്യ മാത്രമാണെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കസ്റ്റംസ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ട് സര്‍ക്കാര്‍ നല്‍കുന്നില്ല. എന്ത് സഹായമാണ് സര്‍ക്കാര്‍ അന്വേഷണത്തിന് നല്‍കുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാള്‍ കള്ളക്കടത്ത് കേസില്‍പ്പെട്ടിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി സ്വയം അന്വേഷണത്തിന് തയാറാകുന്നില്ല? കള്ളക്കടത്ത് കേസുമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി അന്വഷണം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്, അന്വേഷണം നടത്തുന്നില്ല, അദ്ദേഹം ആരോപിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് നടത്തിയവര്‍ സര്‍ക്കാരിന്‍റെ സഹായങ്ങള്‍ ഉപയോഗിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ വിമാനത്താവളത്തിലേക്കും തിരിച്ചും പോയി. വിമാനത്താവളത്തില്‍ സര്‍ക്കാരിന്‍റെ ഔദ്യോഗിക ലെറ്റര്‍ പാഡുകളും വിസിറ്റിംഗ് കാര്‍ഡുകളും ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുന്നില്ല, സുരേന്ദ്രന്‍ പറഞ്ഞു.

കള്ളക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാരാണ് അന്വേഷിക്കേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാണ് മുഖ്യമന്ത്രിയുടെ ശ്രമം. വൈകുന്നേരങ്ങളില്‍ ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നപോലെ വാര്‍ത്താസമ്മേളനം നടത്തി പോയിട്ട് കാര്യമില്ല. ക്ലിഫ് ഹൗസിലെയും മുഖ്യമന്ത്രിയുടെ ഓഫീസിലെയും സിസിടിവി ദൃശ്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്നാണ് 30 കിലോ സ്വർണം പിടികൂടിയത്.

സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. യാത്രക്കാർ കടത്താൻ ശ്രമിക്കുന്ന സ്വർണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ പിടികൂടാറുണ്ട് എങ്കിലും ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം പിടികൂടുന്നത് ഇതാദ്യമാണ്.

Anweshanam
www.anweshanam.com