
കൊച്ചി: തന്നെ ചോദ്യം ചെയ്യാനായി ഇഡി അയച്ച നോട്ടീസ് സ്റ്റേ ചെയ്യണമെന്ന സി എം രവീന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വിധി വരുന്നതിന് മുന്‍പ് തന്നെ രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നു. നാല് തവണ നോട്ടീസ് നൽകിയതിന് ശേഷമാണ് ഇന്ന് ഹാജരായത്.
താന്‍ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും രവീന്ദ്രന് വാദിച്ചിരുന്നു. കൊവിഡാനന്തര അസുഖങ്ങള്‍ ഉണ്ടെന്നും കൂടൂതല്‍ സമയം ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നോട്ടീസ് സ്റ്റേ ചെയ്യണം എന്ന് പറയാന്‍ ഹര്ജിക്കാരന് അവകാശമില്ലെന്ന് ഇഡി വാദിച്ചു. പല തവണ സമന്‍സ് അയച്ചിട്ടും രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ രവീന്ദ്രന് ശ്രമിക്കുകയാണെന്നും ഇഡി ആരോപിച്ചു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് സി എം രവീന്ദ്രന്. കഴിഞ്ഞ മൂന്ന് തവണയും കോവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന് ചോദ്യം ചെയ്യലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാനാകാതിരുന്നത്. പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല.