
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാലാണ് ഇത്.
ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യാന്‍ ഇഡി നോട്ടീസ് നല്‍കിയിട്ടും രവീന്ദ്രന് ഹാജരാകാതിരിക്കുന്നത്. കടുത്ത ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാലാണ് ചോദ്യം ചെയ്യലിന് നാളെ ഹാജരാകാത്തതെന്നാണ് വിശദീകരണം.
രവീന്ദ്രന് കോവിഡാനന്തര ചികിത്സയിലാണെന്നും അദ്ദേഹത്തെ കടുത്ത ക്ഷീണവും തലവേദനയും കഴുത്തുവേദനയും അലട്ടുന്നുണ്ടെന്നുമാണ് വിവരം. വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കുന്നുണ്ട്. അദ്ദേഹം കൂടുതല്‍ ടെസ്റ്റുകള്‍ക്ക് വിധേയനാകേണ്ടി വരുമെന്നാണ് സൂചന. അതിനാല്‍ നാളെ ഹാജരാകാന്‍ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചേക്കും.
ഇന്നലെയാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രന് ആശുപത്രിയില്‍ ചികിത്സ തേടിയത്. പിന്നാലെ ഇദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍പ് രണ്ടുതവണ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് ആദ്യത്തെ തവണയും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടാമത്തെ തവണയും അദ്ദേഹം ഹാജരായിയിരുന്നില്ല.
ഇതിനു പിന്നാലെയാണ് ഡിസംബര്‍ 10ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി. രവീന്ദ്രന് സമന്‍സ് അയച്ചത്. എന്നാല്‍ ഇത്തവണയും ആശുപത്രിയില്‍ ആയതിനാലാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്.
ചോദ്യം ചെയ്യലിന് തൊട്ടുമുമ്ബായി ആശുപത്രിയില്‍ പ്രവേശിക്കുന്ന നിലപാടിനെതിരെ സി.പി.എമ്മില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.