ആരോഗ്യ വകുപ്പിൽ 100 ദിവസത്തിനുള്ളിൽ കൂടുതൽ നിയമനങ്ങൾ; നൂറ് ദിന പദ്ധതിയുമായി സംസ്ഥാന സർക്കാർ
Kerala

ആരോഗ്യ വകുപ്പിൽ 100 ദിവസത്തിനുള്ളിൽ കൂടുതൽ നിയമനങ്ങൾ; നൂറ് ദിന പദ്ധതിയുമായി സംസ്ഥാന സർക്കാർ

അടുത്ത നൂറ് ദിവസത്തിൽ 153 പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങൾ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയർത്തും.

News Desk

News Desk

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ നൂറ് ദിവസത്തിനുള്ളിൽ ആവശ്യമെങ്കിൽ കൂടുതൽ നിയമനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നൂറ് ദിവസം കൊണ്ട് ഉദ്ഘാടനം ചെയ്യുമെന്നും പിണറായി പ്രഖ്യാപിച്ചു. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ, മൂന്നു കാത്ത് ലാബുകൾ എന്നിവയും ആരംഭിക്കും.

പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളെ കുടുംബരോ​ഗ്യകേന്ദ്രങ്ങളാക്കി മാറ്റും. ഇതുവരെ 386 പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളെ കുടുംബാരോ​ഗ്യകേന്ദ്രങ്ങളാക്കി. അടുത്ത നൂറ് ദിവസത്തിൽ 153 പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങൾ കൂടി ഉന്നത നിലവാരത്തിലേക്ക് ഉയർത്തും. കുടുംബാരോ​ഗ്യകേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും ഒ പി പ്രവ‍ർത്തിക്കും.

മെഡി.കോളേജ്, ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിലായി 24 പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും. പത്ത് പുതിയ ഡയാലിസസ് കേന്ദ്രങ്ങൾ, ഒൻപത് സ്കാനിം​ഗ് കേന്ദ്രങ്ങൾ, മൂന്ന് കാത്ത് ലാബുകൾ, രണ്ട് കാൻസ‍ർ ചികിത്സാ കേന്ദ്രങ്ങൾ എന്നിവ അടുത്ത നൂറ് ദിവസത്തിൽ പൂ‍‍ർത്തീകരിക്കും.

2021 ജനുവരിയിൽ വിദ്യാലയങ്ങൾ തുറക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നൂറ് ദിവസത്തിനുള്ളിൽ 250 പുതിയ സ്കൂൾ കെട്ടിട പണി തുടങ്ങും. 11400 സ്കൂളുകളിൽ ഹൈ ടെക് ലാബുകൾ സജ്ജീകരിക്കും. 10 ഐ ടി ഐ ഉത്ഘാടനം ചെയ്യും. സർക്കാർ എയ്ഡഡ് കോളേജുകളിൽ 150 പുതിയ കോഴ്സുകൾ തുടങ്ങും.

ഒരു വ‍ർഷത്തോളം കുട്ടികൾ വിദ്യാലയങ്ങളിൽ നിന്നും അകന്ന് നിന്നു. ഇനി സ്കൂളിലേക്ക് തിരിച്ചു വരുന്ന കുട്ടികളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തലവും ഒരുക്കി വരവേൽക്കും. അഞ്ഞൂറിലേറെ കുട്ടികൾ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളുകളിലും കിഫ്ബി സഹായത്തോടെ കെട്ടിട്ടനിർമ്മാണം നടക്കുകയാണ്. 5 കോടി മുടക്കി 35 കെട്ടിട്ടങ്ങളും മൂന്ന് കോടി മുടക്കി 14 കെട്ടിട്ടങ്ങളും ഈ നൂറ് ദിവസത്തിൽ ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്കൂൾ കെട്ടിട്ടങ്ങളുടെ പണിയും പൂർത്തിയാക്കും.

എപിജെ അബ്ദുൾ കലാം സ‍ർവ്വകലാശാല, മലയാളം സർവ്വകലാശാല എന്നിവയുടെ സ്ഥിരം ക്യാമ്പസിനുള്ള ശിലാസ്ഥാപനം നടത്തും. 32 ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്കായി നി‍ർമ്മിക്കുന്ന കെട്ടിട്ടങ്ങൾ ഉദ്ഘാടനം ചെയ്യും.

പിഎസ്‍സിക്ക് നിയമനം വിട്ട 11 സ്ഥാപനങ്ങളിൽ സ്പെഷ്യൽ റൂൾസ്‌ ഉണ്ടാക്കാൻ വിദഗ്ദ സമിതി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.നൂറ് ദിവസം കൊണ്ട് കോളേജ്-ഹ​യർസെക്കൻഡറി മേഖലയിൽ ആയിരം തസ്തികകൾ നി‍ർമ്മിക്കും. 1541 കോടിയുടെ കിഫ്ബി റോഡുകൾ ഉദ്ഘാടനം ചെയ്യും. കുണ്ടന്നൂർ - വൈറ്റില പാലങ്ങൾ അടക്കം 11 പാലങ്ങൾ ഉദ്ഘാടനം ചെയ്യും. വിഴിഞ്ഞം പദ്ധതിയുടെ പോർട്ട്‌ ഓഫീസ് കെട്ടിടം ഉദാഘാടനം ചെയ്യും.

Anweshanam
www.anweshanam.com