ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പിന്മാറില്ല; കമ്പനിക്ക് സെബിയുടെ വിലക്ക് ഇല്ലെന്നും മുഖ്യമന്ത്രി
Kerala

ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പിന്മാറില്ല; കമ്പനിക്ക് സെബിയുടെ വിലക്ക് ഇല്ലെന്നും മുഖ്യമന്ത്രി

പ്രൈസ് വാട്ടർ ഹൗസ് ഓഡിറ്റ് സ്ഥാപനത്തിന് ഇന്ത്യയിൽ ‍ സേവനം അനുഷ്ഠിക്കുന്നതിന് സുപ്രീംകോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടില്ല.

M Salavudheen

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നും പ്രതിപക്ഷം അനാവശ്യ ആരോപണം ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തത് എല്ലാ നടപടികളും പാലിച്ച് ടെണ്ടർ വഴിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ കമ്പനിക്ക് സെബിയുടെ വിലക്ക് ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനായി പ്രവർത്തിക്കുന്ന പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (പിഡബ്ല്യുസിപിഎൽ) കൺസൾട്ടിങ് സേവനം നൽകുന്ന ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാണ്, ഒരു ഓഡിറ്റ് സ്ഥാപനമല്ല. 2018 ജനുവരിയിലെ സെബി ഉത്തരവ് പിഡബ്ല്യുസിപിഎല്ലിന് ബാധകമല്ല എന്നു മാത്രമല്ല പിഡബ്ല്യുസിപിഎല്ലിനെതിരെ ഏതെങ്കിലും തരത്തിലുള്ള നിരോധനവും നിലനിൽക്കുന്നില്ല.

പ്രൈസ് വാട്ടർ ഹൗസ് ഓഡിറ്റ് സ്ഥാപനത്തിനെതിരെ ഓഡിറ്റ് സർവീസിന് നൽകുന്നതിൽ നിന്ന് രണ്ടു വർഷത്തേക്ക് നിരോധനമുണ്ടെന്ന സെബി ഉത്തരവ് 2019 സെപ്റ്റംബറിൽ ‍ സെക്യൂരിറ്റീസ് ആൻഡ് അപ്പലെറ്റ് ട്രൈബ്യൂണൽ (എസ്എറ്റി) നീക്കിയിരുന്നു. എസ്എറ്റിയുടെ ഉത്തരവിനെതിരെ പിന്നീട് സെബി സുപ്രീംകോടതിയെ സമീപിച്ചതിനെ തുർന്ന് വിഷയം ഇപ്പോൾ ‍ കോടതിയുടെ പരിഗണനയിലാണ്. എന്നാൽ, പ്രൈസ് വാട്ടർ ഹൗസ് ഓഡിറ്റ് സ്ഥാപനത്തിന് ഇന്ത്യയിൽ ‍ സേവനം അനുഷ്ഠിക്കുന്നതിന് സുപ്രീംകോടതി സ്റ്റേ ഏർപ്പെടുത്തിയിട്ടില്ല.

പ്രതിപക്ഷം കാള പെറ്റന്ന് കേട്ടപ്പോഴേ പാൽ കറക്കുകയാണെന്നും ആരോപണങ്ങൾ ഉന്നയിച്ച് പിന്മാറുന്നതാണ് പ്രതിപക്ഷ രീതിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. പ്രതിപക്ഷ ആരോപണങ്ങൾ ഒന്നും ക്ലച്ച് പിടിക്കുന്നില്ല. ഒരു അന്വേഷണവും നടത്താതെ പ്രതിപക്ഷ നേതാവ് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.-

Anweshanam
www.anweshanam.com