സര്‍ക്കാരിന്റെ ലക്ഷ്യം സര്‍വതല സ്പര്‍ശിയായ വികസനം: മുഖ്യമന്ത്രി

കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് സംസാരിക്കുകയായിരുന്നു അദേഹം
സര്‍ക്കാരിന്റെ ലക്ഷ്യം സര്‍വതല സ്പര്‍ശിയായ വികസനം: മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷകരിക്കുന്നത് സാമൂഹിക നീതിയിലധിഷ്ഠിതമായ സര്‍വതല സ്പര്‍ശിയായവികസനം ആണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് സംസാരിക്കുകയായിരുന്നു അദേഹം. ഒരു വിഭാഗത്തിനും വികസനം ലഭിക്കാതിരിക്കരുത് ഇതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അവതരിപ്പിച്ച പ്രകടന പത്രികയിലെ ഓരോ കാര്യങ്ങളും നടപ്പാക്കി. ഈ പ്രകടന പത്രിക തയ്യറാക്കുന്നതിനായി ഓരോ ജില്ലകളിലും യോഗം നടത്തി. ഇതില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ അനുസരിച്ചായിരുന്നു പത്രിക തയ്യറാക്കിയത്. ഓരോ വര്‍ഷവും ഇത് സംബന്ധിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സഹായിച്ചു. 570 കാര്യങ്ങള്‍ നടപ്പാക്കി കഴിഞ്ഞു ഇനി 30 ഇങ്ങള്‍ മാത്രമേ നടപ്പാക്കാനുള്ളൂ.

സര്‍വതല വികസനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നല് മിഷനുകള്‍ മുന്നോട്ടുവച്ചത്. നാടിനെ മാലിന്യ മുക്തമാക്കാന്‍ നാട്ടുകാര്‍ മുന്നോട്ടുവന്നു. കാര്‍ഷിക മേഖലയിലെ ഇടപെടലിന്റെ ഭാഗമായി ഏഴു ലക്ഷം ടണ്‍ പച്ചക്കറി ഉല്പാദനം ഉണ്ടായിരുന്നത് 15 ലക്ഷം ടണ്‍ ആയി ഉയര്‍ന്നു. പാവപ്പെട്ട എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുവാന്‍ പൊതു വിദ്യഭ്യാസ യജ്ഞത്തിലൂടെ സാധിച്ചു. അഞ്ചുലക്ഷം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തി. ആരോഗ്യ രംഗത്ത് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ അഭിവൃദ്ധി പെട്ടു. കോവിഡിനെ കേരളം മികച്ച രീതിയില്‍ നേരിട്ടു.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിച്ചു. രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാര്‍ പരിസ്ഥിതിയ്ക്ക് ആഘാതം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ അനുവദിക്കില്ല.

പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ പച്ചക്കറി, മുട്ട, പാല്‍ എന്നിവയില്‍ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാന്‍ സാധിക്കുമായിരുന്നു. തരിശായ കിടക്കുന്ന പ്രദേശങ്ങള്‍ ഏറ്റെടുത്ത് കൃഷിക്ക് ഉപയോഗപ്പെടുത്താവുന്ന ലക്ഷ്യത്തോടെ തരിശുരഹിത ജില്ല എന്ന പദ്ധതി മുന്നേറുന്നു എന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.

ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, എളമരം കരിം എം.പി, എം.എല്‍.എ മാരായ സി.കെ നാണു, പി.ടി.എ റഹിം, ഇ.കെ വിജയന്‍, കെ. ദാസന്‍, വി.കെ.സി മമ്മദ് കോയ, കാരട്ട് റസാക്ക്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി. എ.പ്രദീപ് കുമാര്‍ എം.എല്‍.എ സ്വാഗതവും പി.മോഹനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com