മാണി സി കാപ്പൻ പാലാക്കാരെ വഞ്ചിച്ചു; കാപ്പന്‍റെ യുഡിഎഫ് പ്രവേശത്തെ വിമർശിച്ച് മുഖ്യമന്ത്രി

പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപ്പുറം പോയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
മാണി സി കാപ്പൻ പാലാക്കാരെ വഞ്ചിച്ചു; കാപ്പന്‍റെ യുഡിഎഫ് പ്രവേശത്തെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാണി സി കാപ്പൻ എംഎൽഎയുടെ യുഡിഎഫ് പ്രവേശത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തെ നിയമസഭയിലേക്ക് അയച്ച പാലായിലെ ജനങ്ങളെ കാപ്പൻ വഞ്ചിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുള്ള മറുപടി ജനങ്ങൾ തന്നെ കാപ്പന് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"അത് അദ്ദേഹത്തിന്റെ ഒരു മോഹം നടന്ന രീതിയല്ലേ കാണുന്നത്. ഞാനിപ്പോ ഒന്നും പറയേണ്ട കാര്യമില്ലാല്ലോ. അവിടെയുള്ള നാട്ടുകാര് അവിടെ അദ്ദേഹത്തെ നേരത്തെ എൽഡിഎഫ് എന്ന രീതിയിൽ സഹായിച്ചവര്, അവരെയൊക്കെ കാണാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അത് എൽഡിഎഫിനോട് കാണിച്ച വഞ്ചന മാത്രമല്ല, ആ നാട്ടിലെ ജനങ്ങളോടും തന്നെ തെരഞ്ഞെടുത്തവരോടും കാണിച്ച ഒരു വഞ്ചനയാണ്. അത് കൃത്യമായി ജനങ്ങൾ തന്നെ അദ്ദേഹത്തെ ബോധ്യപ്പെടുത്തുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്." മുഖ്യമന്ത്രി പറഞ്ഞു.

പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപ്പുറം പോയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജയിച്ച എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം പോകുക. ഗവണ്‍മെന്റ് രൂപീകരിക്കുമ്പോള്‍ ബിജെപിക്കൊപ്പം നില്‍ക്കുക. വ്യത്യാസം നേര്‍ത്തുവരികയാണെന്നും മുഖ്യമന്ത്രി.

മതനിരപേക്ഷതയുടെ സംരക്ഷണം, വര്‍ഗീയതയ്ക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുകയെന്നതാണ്. രാജ്യത്തെ ഏതെങ്കിലും പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് വര്‍ഗീയതയ്ക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിയുന്നുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അതുമായി സമരസപ്പെട്ടു പോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും വോട്ടിന്റെ ചിന്തയാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com