
തിരുവനന്തപുരം: എംപി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ സ്വാഗതം ചെയ്യുന്നതായും എന്നാൽ അത് പ്രതിപക്ഷത്തായിരിക്കും എന്നുമായിരുന്നു അദ്ദേഹം പരിഹസിച്ചു.
''കുഞ്ഞാലിക്കുട്ടിയെപ്പോലൊരാൾ പ്രതിപക്ഷത്ത് കേരള നിയമസഭയിൽ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അതിലെനിക്ക് അഭിപ്രായവ്യത്യാസമില്ല'', എന്ന് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാർലമെന്റിലേക്ക് പോയി. ഇപ്പോൾ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാർട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം- മുഖ്യമന്ത്രി മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.