
തിരുവനന്തപുരം: വാരിയംകുന്നത്ത് ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരേ ധീരമായ രീതിയിൽ പടനയിച്ച പടനായകനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പൃഥ്വിരാജിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാതലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ഇതു സംബന്ധിച്ച ചോദ്യം ചോദിച്ചത്.
സിനിമയെ ചൊല്ലിയുള്ള വിവാദം തൻറെ ശ്രദ്ധയിൽ വന്നിട്ടില്ല. പക്ഷേ അദ്ദേഹത്തെ ആദരിച്ചുതന്നെയാണ് കേരളം എക്കാലവും മുന്നോട്ടുപോയിട്ടുള്ളത്. അതിൽ ഏതെങ്കിലും വർഗീയ ചിന്തയുടേതായ സാഹചര്യമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാരിയംകുന്നന് എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നടന് പൃഥ്വിരാജിന് നേരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് പൃഥ്വിരാജാണ്. ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് നടത്തിയത്. ഇതിനടിയിലാണ് സംഘ്പരിവാറിന്റെ ആക്രമണം.