ക്ഷേമപെൻഷനിൽ വ്യാജപ്രചാരണം; ഉമ്മൻ ചാണ്ടിക്കെതിരെ മുഖ്യമന്ത്രി

19 മാസം പെന്‍ഷന്‍ കുടിശിക വരുത്തിയ യുഡിഎഫ് ആണ് ജാള്യമില്ലാതെ നേട്ടം അവകാശപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു
ക്ഷേമപെൻഷനിൽ വ്യാജപ്രചാരണം; ഉമ്മൻ ചാണ്ടിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ പെൻഷനുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യസുരക്ഷാ പെന്‍ഷനുകളെക്കുറിച്ച് പ്രതിപക്ഷം ദുഷ്പ്രചരണം നടത്തുന്നു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇകഴ്ത്തിക്കാട്ടാനോ അതില്‍ പങ്കുപറ്റാനോ ആണ് പ്രതിപക്ഷശ്രമം. പെന്‍ഷന്‍ വര്‍ധിപ്പിച്ചതും കൃത്യമായി വിതരണം ചെയ്തതും ഇടതുസര്‍ക്കാരുകള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

19 മാസം പെന്‍ഷന്‍ കുടിശിക വരുത്തിയ യുഡിഎഫ് ആണ് ജാള്യമില്ലാതെ നേട്ടം അവകാശപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഇടതു സർക്കാരുകളുടെ കാലത്താണ് ക്ഷേമ പെൻഷൻ കാര്യക്ഷമമായിരുന്നത്. യുഡിഎഫ് സർക്കാർ വർധിപ്പിച്ചത് നാമമാത്ര പെൻഷൻ തുകയാണ്. പെൻഷൻ തുകയ്ക്ക് യുഡിഎഫ് സർക്കാർ കുടിശികയും വരുത്തി. ക്ഷേമ പെൻഷൻ ജനുവരിയിൽ 1500 രൂപയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമ പെൻൽനുമായി ബന്ധപ്പെട്ട് ബിജെപിക്കും മുഖ്യമന്ത്രി മറുപടി നൽകി. 37.5 ലക്ഷം പേർക്ക് പെൻഷൻ നൽകിയത് കേന്ദ്ര സഹായമില്ലാതെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിൻ്റെ പദ്ധതി ചെലവ് 67.36 ശതമാനമാണ്. മുൻ വർഷത്തേക്കാൾ മികച്ചതാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികൾ ഒഴികെയുള്ള കണക്കാണിത്. ധനസമാഹരണത്തിന് പ്രതിസന്ധികളുണ്ടായിട്ടും അത് മറികടന്ന് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാനായി. സുഭിക്ഷ കേരളം പദ്ധതിയിൽ നല്ല പുരോഗതിയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം കൊണ്ടാണ് ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കുന്നത് എന്ന പ്രചാരണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എസ്എപി പദ്ധതി പ്രകാരം 14.9 ലക്ഷം പേര്‍ക്ക് 300 രൂപ മുതല്‍ 500 രൂപ വരെ പെന്‍ഷനായി നല്‍കുന്നുണ്ട്. ആ തുകയൊഴിച്ചാല്‍ ഇവര്‍ക്കു ലഭിക്കേണ്ട 900 മുതല്‍ 1100 വരെയുള്ള സംഖ്യ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ യാതൊരു സഹായവുമില്ലാതെയാണ് 37.5 ലക്ഷം പേര്‍ക്കുള്ള പെന്‍ഷന്‍ സംസ്ഥാന ഗവണ്‍മെന്റ് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com