ഗോശ്രീ പാലത്തിനു കീഴില്‍ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നു
ഗോശ്രീ പാലത്തിനു കീഴില്‍ അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നു|ചിത്രം: തുളസി കക്കാട്ട്
Kerala

പാലത്തിനടിയിലൊരു പഠന കേന്ദ്രം

ഹൈക്കോടതിക്ക് സമീപമുള്ള സെന്‍റ്  ജോണ്‍ ബോസ്കോസ് യുപി സ്കൂളിലെ ഏഴു കുട്ടികള്‍ക്കാണ്, അദ്ധ്യാപകര്‍ ഗോശ്രീ പാലത്തിനു കീഴില്‍ നിന്ന് ക്ലാസെടുക്കുന്നത്.

Harishma Vatakkinakath

Harishma Vatakkinakath

എറണാകുളം: വല്ലാര്‍പാടം ഗോശ്രീ പാലം, കേവലം ദ്വീപുകളെ കരയുമായി ബന്ധിപ്പിക്കാന്‍ മാത്രമല്ല, പ്രതികൂലമായ ജീവിത സാഹചര്യങ്ങള്‍ തുഴഞ്ഞു തീരാത്ത ഒരു സമൂഹത്തിന്‍റെ നാളെകളെ വാര്‍ത്തെടുക്കാനുള്ള കേന്ദ്രമായും വര്‍ത്തിക്കുകയാണ്. ഈ കോവിഡ് കാലത്ത് ക്ലാസ് റൂം വിദ്യാഭ്യാസം വിദൂരമാവുകയും, വെര്‍ച്വല്‍ ലേര്‍ണിംഗിന്‍റെ സാധ്യതകള്‍ അവലംബിക്കാന്‍ വിദ്യാഭ്യാസ രംഗം നിര്‍ബന്ധിതമാവുകയും ചെയ്തപ്പോള്‍ നമ്മുടെ കുട്ടികളുടെ പഠനാവകാശത്തെ ഒരു കൊറോണയ്ക്കും തകര്‍ക്കാനാവില്ലെന്ന് നാം ആശ്വസിച്ചു. എന്നാല്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം മുന്നോട്ടുവയ്ക്കുന്ന സാങ്കേതിക വിദ്യകളുടെ അപര്യാപ്തത കാരണം പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ഒരു വിഭാഗം നമ്മുടെ കൊച്ചു കേരളത്തിലുമുണ്ട്. അത്തരത്തില്‍ ഒരു കൂട്ടം കുട്ടികള്‍ക്ക് പഠന സൗകര്യമൊരുക്കി നന്മ നിറഞ്ഞ അദ്ധ്യാപകര്‍ക്കൊപ്പം പങ്കു ചേരുകയാണ് ഗോശ്രീ പാലവും.

ഹൈക്കോടതിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്‍റ് ജോണ്‍ ബോസ്കോസ് യുപി സ്കൂളിലെ ഏഴു കുട്ടികള്‍ക്കാണ്, അദ്ധ്യാപകര്‍ ഗോശ്രീ പാലത്തിനു കീഴില്‍ നിന്ന് ക്ലാസെടുക്കുന്നത്. മൈസൂരുവില്‍ നിന്നെത്തിയ നാടോടികളായ മത്സ്യബന്ധന സമുദായത്തിൽ പെട്ടവരാണ് ഈ കുട്ടികള്‍. 2020-2021 അദ്ധ്യയന വര്‍ഷം കേരളത്തിലെ എല്ലാ സ്കൂളുകളും വെര്‍ച്വല്‍ ലേര്‍ണിംഗിലേക്കു ചുവടുമാറ്റിയപ്പോള്‍, പഠന സൗകര്യങ്ങളൊന്നുമില്ലാതിരുന്ന ഈ കുരുന്നുകളെ സഹായിക്കാന്‍ അദ്ധ്യാപകര്‍ തയ്യാറാവുകയായിരുന്നു. പഠന കേന്ദ്രമായി രണ്ടാം ഗോശ്രീ പാലം തിരഞ്ഞെടുക്കുകയും ചെയ്തു. ഈ പാലത്തിന് അരികു ചേര്‍ന്നാണ് കുട്ടികളുടെ കുടുംബം താമസിക്കുന്നത്.

എല്ലാ പ്രവൃത്തി ദിവസങ്ങളിലും അദ്ധ്യാപകര്‍ പാലത്തിനു ചുവട്ടിലെ താല്‍ക്കാലിക പഠനകേന്ദ്രത്തിലെത്തുകയും കുട്ടികള്‍ക്ക് ക്ലാസെടുക്കുകയും ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാവിധ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടു തന്നെയാണ് അദ്ധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കുചേരാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുന്നത്.

നിലവിലുള്ള പ്രതിസന്ധി ഘട്ടത്തില്‍, പാവപ്പെട്ട കുട്ടികള്‍ക്കു വേണ്ടി നന്മ നിറഞ്ഞ ഈ പ്രവൃത്തി ചെയ്യാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായിരുന്നില്ലെങ്കില്‍, അവര്‍ മാതാപിതാക്കള്‍ക്കൊപ്പം പാരമ്പര്യ തൊഴിലിലേക്ക് ഇളം പ്രായത്തില്‍ തന്നെ തിരിയുമായിരുന്നു. വൈറസ് വ്യാപനവും, മരണങ്ങളും, നാളെ എന്തെന്ന അനിശ്ചിതത്വവും മനസ്സ് മരവിപ്പിക്കുമ്പോള്‍ ഇത്തരം നല്ല ചെയ്തികള്‍ പ്രചോദനപരമാവുകയാണ്.

Anweshanam
www.anweshanam.com