വിദേശ വിമാന സർവീസ് നിലയ്ക്കുന്നെന്ന പ്രചാരണം വസ്തുതാരഹിതമെന്ന് സിയാൽ

വിദേശ വിമാന സർവീസ് നിലയ്ക്കുന്നെന്ന പ്രചാരണം വസ്തുതാരഹിതമെന്ന് സിയാൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് (സിയാൽ) വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലയ്ക്കുന്നതായുള്ള പ്രചാരണം വസ്തുതാരഹിതമെന്ന് സിയാൽ. സിയാലുമായി ബന്ധപ്പെട്ട് വിമാന സര്‍വീസുകൾ റദ്ദാക്കൽ പോലെയുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്ന് പിആർഒ പി.എസ്.ജയൻ വ്യക്തമാക്കി.

പകരം ഇന്ത്യയിൽനിന്നു നേരിട്ടുള്ള യാത്രക്കാരുടെ പ്രവേശനം കാനഡ, യുകെ, സിംഗപ്പൂർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വിലക്കിയിട്ടുണ്ട്. ഇത് ഒരാഴ്ചയായി നിലവിലുള്ളതാണ്. മേയ് ഒന്നുവരെയാണ് നിലവിൽ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്കു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ നിയന്ത്രണം കൊച്ചി വിമാനത്താവളത്തിനു മാത്രമല്ല, രാജ്യത്തുള്ള എല്ലാ വിമാനത്താവളങ്ങൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ ചില രാജ്യങ്ങളിലേക്ക് ട്രാൻസിറ്റായുള്ള പ്രവേനം തടഞ്ഞിട്ടുമില്ല. യുഎഇയിൽനിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലേക്കു വരുന്നതിനു തടസ്സമില്ല. സിയാൽ, ഉൾപ്പെടെ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇത്തരത്തിൽ വിമാനങ്ങളുടെ അറൈവൽ സർവീസുകളുണ്ട്. തിരികെ യാത്രക്കാരില്ലാതെ വിമാനങ്ങൾ മടങ്ങുകയും ചെയ്യും. എംബസികളുടെ പ്രത്യേക അനുമതിയിൽ അത്യാവശ്യക്കാരായ യാത്രക്കാർക്ക് ഈ വിമാനങ്ങളിൽ മടങ്ങുന്നതിനു തടസ്സമില്ല.

ഖത്തർ, ബഹ്റൈൻ, കുവൈത്ത്, മാലി തുടങ്ങിയ രാജ്യങ്ങളിലെ വിമാനങ്ങൾ ഇരുഭാഗത്തേക്കും സർവീസ് നടത്തുന്നുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com