സനൂപ് വധം; പ്രതികളെല്ലാം ആർഎസ്എസ്- ബംജ്റംഗദൾ പ്രവർത്തകർ

പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴി പ്രകാരമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സനൂപ് വധം; പ്രതികളെല്ലാം ആർഎസ്എസ്- ബംജ്റംഗദൾ പ്രവർത്തകർ

തൃശ്ശൂർ: സിപിഎമ്മിന്‍റെ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞ പൊലീസ് ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കുന്നംകുളം താലൂക്കാശുപത്രിക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി പരിശോധന നടത്തി.

സനൂപിനൊപ്പമുണ്ടായിരുന്ന മൂന്ന് പേരും ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിലൊരാളുടെ നില ഗുരുതരമാണ്. നിസാര പരിക്കുള്ള ഒരാൾ അൽപസമയത്തിനകം ആശുപത്രി വിടും. പരിക്കേറ്റവരുടെ മൊഴി പ്രകാരം എട്ട് പേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. ഇതിൽ നാല് പേരാണ് സനൂപിനേയും സംഘത്തേയും ആക്രമിച്ചത്.

നന്ദൻ, സതീശ്, ശ്രീരാഗ്, അഭയരാജ് എന്നീ ബിജെപി - ബംജ്റഗദൾ പ്രവർത്തകരാണ് ഇവരെന്ന് പരിക്കേറ്റവർ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. ഇവർക്കെല്ലാം ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും നിരവധി കേസുകളിൽ പ്രതിയായ നന്ദനാണ് സനൂപിനെ കുത്തിക്കൊന്നതെന്നുമാണ് സനൂപിനൊപ്പമുണ്ടായിരുന്നവരുടെ മൊഴി.

നെഞ്ചിനും വയറിനും ഇടയ്ക്കായാണ് സനൂപിന് കുത്തേറ്റത്. ഇതോടെ സനൂപിനൊപ്പമുണ്ടായിരുന്നവർ ചിതറിയോടി. ഏതാണ്ട് മുന്നൂറ് മീറ്ററോളം ദൂരം അക്രമികൾ ഇവരെ പിന്തുടര്‍ന്നു. കൊലപാതകം നടന്ന പ്രദേശത്ത് ഇത്രയും ദൂരത്തിൽ ചോരപ്പാടുകൾ കാണാൻ സാധിക്കുന്നുമുണ്ട്.

ഇന്നലെ പരിക്കേറ്റ സനൂപിൻ്റെ സുഹൃത്തുകളിലൊരാൾ സമീപകാലത്താണ് ചിറ്റിലങ്ങാടിക്ക് താമസം മാറി വന്നത്. ഇയാളുമായി പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതു പറഞ്ഞു തീർക്കാനാണ് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ സനൂപ് ചുങ്കത്തിന് അടുത്തെ ചിറ്റിലങ്ങാടേക്ക് എത്തിയത്.

Related Stories

Anweshanam
www.anweshanam.com