ബിനീഷിന്റെ കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചു; ഇ.ഡിക്കെതിരേ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിലാണ് കമ്മീഷന്‍ കേസെടുത്തത്
ബിനീഷിന്റെ കുഞ്ഞിനെ മാനസികമായി പീഡിപ്പിച്ചു; ഇ.ഡിക്കെതിരേ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ മണിക്കൂറുകളോളം റെയ്‌ഡ് നടത്തിയ ഇ.ഡിക്കെതിരേ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിലാണ് കമ്മീഷന്‍ കേസെടുത്തത്.

നാലാം തീയതി രാവിലെ എട്ടരയോടെ വീട് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടികളോട് കയര്‍ത്ത് സംസാരിക്കുകയും ഭക്ഷണവും മുലപ്പാലും നല്‍കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പത്തു വയസ്സുള്ള മൂത്ത കുട്ടിയെ അമ്മയെയും അനിയത്തിയെയും കാണാന്‍ അനുവദിച്ചില്ലെന്നും ഇത് കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.

കേസ് എടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയ ബാലാവകാശ കമ്മിഷന്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. ജില്ലാ ചൈല്‍ഡ്‌ലൈന്‍ പ്രൊട്ടക്ഷന്‍ ഓഫീസറോട് ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെ ബീനീഷിന്റെ ഭാര്യയെയും മകളെയും എന്‍ഫോഴ്‌സ്‌മെന്റ് തടഞ്ഞു വച്ചിരിക്കുകയാണെന്ന് കുടുംബാഗംങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തിയിരുന്നു. കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കാന്‍ കമ്മിഷന്‍ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ബാലാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com