സര്‍വ്വകക്ഷി തീരുമാനം പ്രധാനമന്ത്രിയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala

സര്‍വ്വകക്ഷി തീരുമാനം പ്രധാനമന്ത്രിയെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു.

News Desk

News Desk

തിരുവനന്തപുരം: സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളാണ് മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ മുഖ്യ പങ്കാളിയായ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിനെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനച്ചുമതല ഏല്‍പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം നിഷേധിച്ചതില്‍ കടുത്ത അതൃപ്തിയാണ് പ്രതിനിധികള്‍ യോഗത്തില്‍ രേഖപ്പെടുത്തിയത്. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്ന് യോഗം വിലയിരുത്തി. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങളാണ് കേന്ദ്രം ചെയ്തുതരേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്. ഇതേ മാതൃകയില്‍ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍നോട്ടവും നടത്തിപ്പും ഏറ്റെടുക്കാന്‍ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുന്‍പരിചയമില്ലെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യക്ക് 23.57 ഏക്കര്‍ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ, 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏറ്റെടുത്ത് സൗജന്യമായി നല്‍കിയ ഭൂമിയുടെ വില എസ്പിവിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഇത് ഏറ്റെടുത്ത് നല്‍കിയത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ റോയല്‍ ഫ്‌ളയിങ്ങ് ക്ലബ്ബ് വക 258.06 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തിന്റെ 636.57 ഏക്കര്‍ വിസ്തൃതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയടക്കം കേന്ദ്ര തീരുമാനം തിരുത്തേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ അക്കമിട്ട് നിരത്തി.

Anweshanam
www.anweshanam.com