
തിരുവന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാലാവധി അവസാനിച്ച വാഹനരേഖകള്‍ പുതുക്കാനുള്ള സമയം 2021 മാര്‍ച്ച് 31 വരെ നീട്ടി. ഡ്രൈവിംഗ് ലൈസൻസ്, പെർമിറ്റ്, ഫിറ്റ്നസ്, താത്കാലിക രജിസ്ട്രേഷൻ എന്നിവയുടെ കാലാവധിയാണ് നീട്ടിയത്.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റേതാണ് നടപടി. 1989 ലെ മോട്ടര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതല്‍ കലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. മാര്‍ച്ച് 30നാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് വാഹന രേഖകളുടെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ചരക്കുവാഹന ഉടമകളും സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നടപടി.