
തിരുവനന്തപുരം: കേരളമല്ല കേന്ദ്രമാണ് ഇന്ധന നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധന നികുതി കുറക്കാനാവില്ലെന്നും സംസ്ഥാനം ഇതുവരെ നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധന വില വര്‍ധനവിനെതിരെ എല്‍ഡിഎഫ് ശക്തമായി സമരം ചെയ്യും. എന്നാല്‍ സംസ്ഥാന ഖജനാവ് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നികുതി കുറയ്ക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടു വരുന്ന വിഷയം നിര്‍മല സീതാരാമന് ആദ്യമായാണ് പറയുന്നത്. ഇതിനോട് എതിര്‍പ്പില്ല. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ തുടര്‍ന്നുളള അഞ്ച് വര്‍ഷത്തേക്ക് നഷ്ട പരിഹാരം ലഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം ഇന്ധന വില കുറയ്ക്കട്ടെ, ആ സമയത്ത് സംസ്ഥാനത്തിന്റെ വരുമാനം കുറഞ്ഞാലും കുഴപ്പമില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.