പാവറട്ടി കസ്റ്റഡി മരണം; സിബിഐ കേസെടുത്തു
ഏഴ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ സമർപ്പിച്ചു.
പാവറട്ടി കസ്റ്റഡി മരണം; സിബിഐ കേസെടുത്തു

തൃശ്ശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി കൊലപാതകത്തില്‍ സിബിഐ കേസെടുത്തു. ലഹരിവസ്തുക്കള്‍ വിൽപ്പന നടത്തിയതിന് എക്സൈസ് സംഘം കസ്റ്റഡയിലെടുത്ത രഞ്‍ജിത്തിനെ ഉദ്യോഗസ്ഥർ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംസ്ഥാന സർക്കാരാണ് കേസ് സിബിഐക്ക് കൈമാറിയത്.

ഏഴ് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്‍മിബിന്‍, എക്സൈസ് പ്രിവന്‍റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, ബെന്നി, ഉമ്മര്‍, സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് പ്രതികള്‍. 2019 ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചത്.

എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പിൽ നിന്നും രക്ഷപെട്ടോടാൻ പ്രതി ശ്രമിച്ചിരുന്നെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ നല്‍കിയ വിശദീകരണം.

എന്നാല്‍ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രഞ്ജിത്തിന്‍റെ മരണത്തിൽ ബന്ധുക്കളും ദൂരുഹത ആരോപിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com