അശ്ലീല പരാമർശം: വിജയ് പി നായര്‍ക്കെതിരെയും ശാന്തിവിള ദിനേശിനെതിരെയും കേസെടുത്തു

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്
അശ്ലീല പരാമർശം: വിജയ് പി നായര്‍ക്കെതിരെയും ശാന്തിവിള ദിനേശിനെതിരെയും കേസെടുത്തു

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വിജയ് പി നായര്‍ക്കെതിരെ മ്യൂസിയം പൊലീസ് സൈബര്‍ നിയമപ്രകാരം കേസെടുത്തു. ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ കമ്മീഷണര്‍ക്കും ഡിജിപിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

യൂട്യൂബ് ചാനല്‍ വഴിയാണ് ഇയാള്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശവും അധിക്ഷേപവും നടത്തിയത്. തുടര്‍ന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ഇയാളുടെ മുറിയിലെത്തി മര്‍ദ്ദിച്ചിരുന്നു. ഇത് വിവാദമായതോടെ ഇയാള്‍ പരാതിയുമായി രംഗത്തെത്തിയത്.

ഇയാളുടെ പരാതിയിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ അശ്‌ളീല പരാമർശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ ദുർബല വകുപ്പുകൾ ചേർത്ത് കേസെടുത്തപ്പോൾ ഭാഗ്യലക്ഷ്മിയുൾപ്പെടെയുള്ളവർക്ക് എതിരെ ജാമ്യമില്ലാ കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേര്ത്താണ് കേസെടുത്തതെന്ന ആരോപണവും ഉയരുന്നുണ്ട്.

അതിനിടെ, ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകനും നിര്‍മ്മാതാവുമായ ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് മ്യൂസിയം പൊലീസ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തത്. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം.

Related Stories

Anweshanam
www.anweshanam.com