കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ; 3 വൈദികര്‍ അടക്കം 4 പേർക്കെതിരെ കുറ്റപത്രം

എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ ആന്‍റണി കല്ലൂക്കാരന്‍, പോള്‍ േതലക്കാട്ട്, ബെന്നി മാരാംപറമ്പില്‍ എന്നിവരാണ് പ്രധാന പ്രതികള്‍
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ; 3 വൈദികര്‍ അടക്കം 4 പേർക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസില്‍ മൂന്ന് വൈദികരടക്കം നാല് പേരെ പ്രതികളാക്കി കുറ്റപത്രം. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ ആന്‍റണി കല്ലൂക്കാരന്‍, പോള്‍ േതലക്കാട്ട്, ബെന്നി മാരാംപറമ്പില്‍ എന്നിവരാണ് പ്രധാന പ്രതികള്‍.

വൻകിട ക്ലബുകളിൽ അംഗത്വം, വ്യവസായ ഗ്രുപ്പുമായി സാമ്പത്തിക ഇടപാട് എന്നിങ്ങനെയുള്ള തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതികൾ വ്യാജ രേഖകൾ തയ്യാറാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഗൂഡാലോചന, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കർദിനാൾ ജോർജ് ആലഞ്ചേരിയെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കാനായി പ്രതികൾ ഗൂഡാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി സഭാംഗങ്ങളെയും സിനഡിനെയും തെറ്റിദ്ധരിപ്പിക്കാനായി സാമ്പത്തിക ഇടപാട് രേഖകൾ വ്യാജമായി നിർമിച്ചു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കള്ളപ്പണഇടപാടുകളില്‍ പങ്കുണ്ടെന്ന് വരുത്തി പൊതുസമൂഹത്തില്‍ അപമാനിക്കുന്നതിനും സിറോ മലബാര്‍ സഭയുടെ പാത്രിയാര്‍ക്കീസ് പദവിയില്‍ എത്തുന്നത് തടയുക കൂടി ലക്ഷ്യമിട്ട് വൈദികര്‍ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. ഇതിനായി വിദ്യാര്‍ഥിയായ കോന്തുരുത്തി സ്വദേശി ആദിത്യ എസ് വളവിയുടെ സഹായത്തോടെ കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളില്‍ ബിനാമി പേരില്‍ കര്‍ദിനാള്‍ ഷെയറുകള്‍ വാങ്ങി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന പേരില്‍ വ്യാജരേഖ ചമച്ചു.

ഇതിന് സഹായം നൽകിയ വിഷ്ണു റോയി കേസിൽ മാപ്പ് സാക്ഷിയാണ്. ഈ വിവരങ്ങൾ വൈദികർ പരസ്പരം പങ്ക് വെക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.

രണ്ട് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലൂടെ 87 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതിന്റെ രേഖകളാണ് നിര്‍മിച്ചത്. എന്നാൽ രേഖകളി‌ൽ പറയുന്ന ബാങ്ക് അക്കൗണ്ട് കർദിനാളിന്റെ പേരിൽ ഇല്ലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ ആന്‍റണി കല്ലൂക്കാരന്‍, പോള്‍ േതലക്കാട്ട്, ബെന്നി മാരാംപറമ്പില്‍ എന്നിവരുെട നേതൃത്വത്തിലായിരുന്നു ഗൂഢാലോചന.

Related Stories

Anweshanam അന്വേഷണം
www.anweshanam.com