
എറണാകുളം: എറണാകുളം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. അങ്കമാലി, ആവോലി എന്നിവിടങ്ങളില്‍ നിന്നായി 140 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവ് അങ്കമാലിയില്‍ നിന്നും വീട്ടില്‍ ഒളിപ്പിച്ച 35 കിലോ കഞ്ചാവ് ആവോലിയില്‍ നിന്നുമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇടുക്കി സ്വദേശികളെ പൊലീസ് പിടികൂടി. ഇടുക്കി വെള്ളത്തൂവല്‍ അരീയ്ക്കല്‍ വീട്ടില്‍ ചന്ദു, തൊടുപുഴ പെരുന്പള്ളിച്ചിറ ചെളികണ്ടത്തില്‍ നിസാര്‍, തൊടുപുഴ ഇടവെട്ടി മറ്റത്തില്‍ വീട്ടില്‍ അന്‍സല്‍ എന്നിവരാണ് പിടിയിലായത്. രണ്ട് വാഹനങ്ങളിലായാണ് കഞ്ചാവുമായി സംഘം എത്തിയത്. 50 പാക്കറ്റുകളിലാക്കി കാറുകളുടെ ഡിക്കിയിലും പിന്‍സീറ്റിന്റെ അടിയിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടു മണിയ്ക്ക് നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴക്ക് സമീപം ആവോലിയിലെ ഒരു വാടക വീട്ടില്‍ നിന്നും പതിനേഴ് പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന 35 കിലോ കഞ്ചാവു കൂടി കണ്ടെടുത്തത്.