
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. ചൊവ്വ പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടി. കസ്റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തു. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം പിടികൂടിയ യാത്രക്കാരുടെ പാസ്പോര്‍ട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു.
കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിന് കൂടിയാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് സൂചന