തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് ബിജെപി പിന്തുണ

തീരുമാനം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തളളിയ സാഹചര്യത്തില്‍
തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് ബിജെപി പിന്തുണ

കണ്ണൂര്‍: തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെ ബിജെപി പിന്തുണയ്ക്കും. നസീര്‍ ബിജെപി പിന്തുണ അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് തീരുമാനം. ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം.

ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പാര്‍ട്ടിയുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നുമായിരുന്നു സിഒടി നസീര്‍ പറഞ്ഞത്.

നസീര്‍ ആവശ്യപ്പെട്ടാല്‍ പിന്തുണയ്ക്കുന്നകാര്യം ആലോചിക്കാമെന്നായിരുന്നു ബി.ജെ.പി നിലപാട്. പിന്തുണയ്ക്കായി നസീര്‍ പാര്‍ട്ടി നേതൃത്വത്തിത്തെ സമീപിച്ചതിനു പിന്നാലെയാണ് എന്‍.ഡി.എ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ വോട്ടും പിന്തുണയും സ്വീകരിക്കുമെന്ന് നസീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

തലശ്ശേരിയില്‍ എഎന്‍ ഷംസീര്‍ ശക്തനായ എതിരാളിയാണെന്ന് തോന്നിയിട്ടില്ലെന്ന് നസീര്‍ പറഞ്ഞു. പാര്‍ട്ടിയില്‍ പ്രമുഖന്‍ എന്നതുകൊണ്ടു മാത്രമാണ് ഷംസീറിനെ മത്സരിപ്പിക്കുന്നത്. അല്ലാതെ സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് ഷംസീറിന് ഗുണങ്ങളൊന്നുമില്ല. ഭിന്നാഭിപ്രായം പറയുന്നവരെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതാണോ സ്ഥാനാര്‍ഥിയുടെ ഗുണം? നീതി എന്നത് സത്യമാണെങ്കില്‍ ഷംസീര്‍ പരാജയപ്പെടും. ജനങ്ങള്‍ക്ക് സമീപിക്കാന്‍ പറ്റാത്ത തരത്തില്‍ മാടമ്പിത്തരം കാണിച്ചാല്‍ ജനകീയ കോടതിയില്‍ അത് വിചാരണ ചെയ്യപ്പെടുമെന്നും സിഒടി നസീര്‍ പറഞ്ഞു.

തലശ്ശേരിയില്‍ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസിന്‍റെ നാമനി‍ർദ്ദേശ പത്രികയിലെ ഫോം എയിൽ ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പ് ഇല്ലാഞ്ഞതിനാലാണ് പത്രിക തള്ളിയത്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇതേ പിഴവ് കാരണം സ്വീകരിച്ചിരുന്നില്ല.

സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും, നഗരസഭാ കൗണ്‍സിലറും ആയിരുന്നു നസീര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിച്ചതിന് ഇദ്ദേഹം ആക്രമിക്കപ്പെട്ടിരുന്നു. ആക്രമണത്തിന് പിന്നില്‍ തലശ്ശേരി എം.എല്‍.എ ഷംസീറാണെന്ന് നസീര്‍ ആരോപിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com