ശോഭ സുരേന്ദ്രനെതിരെ നടപടിയെടുക്കാനുള്ള കെ. സുരേന്ദ്രന്‍റെ നീക്കത്തിത്തിന് തിരിച്ചടി

ശോഭ സുരേന്ദ്രനെതിരെ നടപടിയെടുക്കാനുള്ള കെ. സുരേന്ദ്രന്‍റെ നീക്കത്തിത്തിന് തിരിച്ചടി

കൊച്ചി: ബിജെപിയുടെ കേരള ഘടകത്തിലെ തർക്കം മറ്റൊരു വഴിയിലേക്ക് നീങ്ങുന്നു. ശോഭ സുരേന്ദ്രനെതിരെ നടപടി സ്വീകരിപ്പിക്കാനുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ നീക്കങ്ങൾക്ക് കോർ കമ്മിറ്റിയിൽ തിരിച്ചടി. കേന്ദ്ര നേതൃത്വവും ശോഭക്ക്​ അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് കെ. സുരേന്ദ്രന്‍റെ നീക്കങ്ങൾ പരാജയപ്പെട്ടത്. ഇതോടെ ശോഭ സുരേന്ദ്രൻ കൂടുതൽ ശക്തയാവുകയും കെ. സുരേന്ദ്രനെതിരെ വിമർശനമുയരുകയും ചെയ്‌തു.

നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് ശോഭയെ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ പ്രഭാരി സി.പി. രാധാകൃഷ്ണൻതന്നെ മുൻകൈയെടുക്കുമെന്നാണ് അറിയുന്നത്. കോർ കമ്മിറ്റിയിൽ കൃഷ്ണദാസ് പക്ഷവും ശോഭക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

ശോഭ സുരേന്ദ്രനെ പാർട്ടിയിൽ സജീവമാക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി പ്രഭാരി സി.പി രാധാകൃഷ്ണൻ യോഗത്തിൽ ഉറപ്പ് നൽകി. ഇതോടെ ശോഭ സുരേന്ദ്രനെതിരായ കോർ കമ്മറ്റി യോഗത്തിലെ സുരേന്ദ്രൻ പക്ഷത്തിന്‍റെ നീക്കം പൂർണമായും പരാജയപ്പെട്ടു.

കോർ കമ്മിറ്റിക്ക് മുമ്പ് സുരേന്ദ്രന്‍റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് ശോഭ സുരേന്ദ്രനെതിരെ യോഗത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മാറി നിന്നു, പാർട്ടിയെ പ്രതിസന്ധിയിലാക്കി ശോഭ സുരേന്ദ്രൻ എന്നീ ആരോപണങ്ങളുന്നയിച്ച് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രൻ പക്ഷം ആവശ്യപ്പെട്ടു. മൂന്നു ജനറല്‍ സെക്രട്ടറിമാർ ഇതിനെ പിന്താങ്ങി.

എന്നാൽ കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും ശോഭക്ക്​ അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ അച്ചടക്ക നടപടി സ്വീകരിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുകയായിരുന്നു. കെ. സുരേന്ദ്രനെതിരെ വലിയ വിമർശനം ഉയർന്നു. സംസ്ഥാന പ്രസിഡന്‍റ് പദവി വഹിക്കുന്നയാൾക്ക് സംഘടന പ്രവർത്തനത്തിൽ വ്യക്തിവിരോധം ചേർന്നതല്ല എന്നും വിമർശനമുയർന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com