ജലീലിന്‍റെ രാജി ആവര്‍ത്തിച്ച് പ്രതിപക്ഷം
Kerala

ജലീലിന്‍റെ രാജി ആവര്‍ത്തിച്ച് പ്രതിപക്ഷം

എന്‍ഐഎ ഓഫീസിനു മുന്നില്‍ വന്‍ പോലീസ് സുരക്ഷ.

News Desk

News Desk

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് രംഗത്ത്. എന്‍ഫോഴ്‍സ്‍മെന്‍റിന് പിന്നാലെ എന്‍ഐഎയും മന്ത്രി കെ ടി ജലീലില്‍ നിന്ന് മൊഴി എടുക്കുമ്പോള്‍ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം.

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് അതീവ ഗൗരവതരമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവെക്കണം. രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണമെന്നുമായിരുന്നു സരേന്ദ്രന്‍ പറഞ്ഞത്.

ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് ചോദ്യം ചെയ്യലിനായി മന്ത്രി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത്. സ്വര്‍ണ്ണം അല്ലെങ്കില്‍ ഏതെങ്കിലും ഹവാല ഇടപാടുകള്‍ മതഗ്രന്ഥത്തിന്‍റ മറവില്‍ നടന്നിട്ടുണ്ടോയെന്നതാണ് പരിശോധനാ വിഷയം.

അതേസമയം, ചോദ്യം ചെയ്യലിനായി മന്ത്രി കെട .ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയതിനെ തുടര്‍ന്ന് ഓഫീസിന് ചുറ്റും കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷയൊരുക്കുന്നത്.

ഓഫീസിലേക്ക് കയറുന്ന റോഡിന് മുന്നില്‍ തന്നെ പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. ഓഫീസിലേക്ക് എത്താവുന്ന രണ്ട് വഴികളും പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടച്ചു. പ്രതിപക്ഷ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

Anweshanam
www.anweshanam.com