പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശാടന പക്ഷികളെ നിരീക്ഷിക്കും

ദേശാടന പക്ഷികളെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശാടന പക്ഷികളെ നിരീക്ഷിക്കും

കോട്ടയം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ദേശാടന പക്ഷികളെ നിരീക്ഷിക്കും. രോഗം സ്ഥിരീകരിച്ച ഫാമിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ വളര്‍ത്തു പക്ഷികളുടെ സാമ്പിളുകളും മൃഗസംരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഖരിച്ച് പരിശോധന നടത്തും. രോഗം കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണിത്.

കോട്ടയം ജില്ലയിലെ നീണ്ടൂരിലും സമീപ മേഖലകളിലും ദേശാടന പക്ഷികളെ പ്രത്യേകമായി നിരീക്ഷിക്കുന്നതിന് സാമൂഹിക വനവത്കരണ വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശാടന പക്ഷികള്‍ അസ്വാഭാവികമായി ചാകുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനാണ് നിര്‍ദേശം.

രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡിലും സമീപ മേഖലകളിലും ജനങ്ങള്‍ മീന്‍ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പക്ഷിപ്പനി സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുന്നതിനും സംശയ നിവാരണത്തിനുമായി കോടിമതയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍-2564623.

Related Stories

Anweshanam അന്വേഷണം
www.anweshanam.com