പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: അതീവ ജാഗ്രതയില്‍

പക്ഷിപ്പനി പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി.
പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു: അതീവ ജാഗ്രതയില്‍

തിരുവനന്തപുരം: പക്ഷിപ്പനി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതിര്‍ത്തികളിലുള്‍പ്പെടെ അതീവ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷികളെ കൂട്ടത്തോടെ കൊന്ന് തുടങ്ങി. താറാവുകള്‍ക്ക് പുറമേ രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഉള്‍പ്പെടെ നാല് പഞ്ചായത്തുകളിലും കോട്ടയം ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ് നിലവില്‍ പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുള്ളത്. രണ്ട് ജില്ലകളിലുമായി നാല്‍പതിനായിരത്തോളം പക്ഷികളെ കൊന്നൊടുക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുക. അതേസമയം, രോഗം മനുഷ്യരിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലും കോട്ടയം നീണ്ടൂരിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പക്ഷിമാംസം, മുട്ട തുടങ്ങിയവ കൈമാറുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നിയന്ത്രിക്കും. അതേസമയം മറ്റ് ജില്ലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആനിമല്‍ ഹസ്ബന്‍ഡറി ഡയറക്ടര്‍ ഡോ. കെഎം ദിലീപ് പ്രതികരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും കൊണ്ടുവരുന്നതിന് തമിഴ്നാട് വിലക്കേര്‍പ്പെടുത്തി. തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com