ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വ്യാജ വിലാസത്തില്‍; അന്വേഷണസംഘം കോടതിയില്‍

ബിനീഷിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അനൂപും ബിനീഷും ഒരുമിച്ച്‌ ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം രേഖാമൂലം കോടതിയെ അറിയിച്ചു
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വ്യാജ വിലാസത്തില്‍; അന്വേഷണസംഘം കോടതിയില്‍

ബംഗളൂരു: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കേടിയേരിക്കെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ്. ബിനീഷിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അനൂപും ബിനീഷും ഒരുമിച്ച്‌ ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം രേഖാമൂലം കോടതിയെ അറിയിച്ചു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കാര്‍ഡ് ഹയാത്ത് ഹോട്ടലിന്റെ പേരിലുള്ളതാണ്. ഹോട്ടലിന് പണം മുടക്കിയത് ബിനീഷ് കോടിയേരിയെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. ഈ കാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ബാങ്കില്‍ നിന്നും ശേഖരിക്കാനുണ്ടെന്നും ബിനീഷിന്‍റെ വീട്ടില്‍നിന്നും മറ്റ് ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബീകാപിറ്റല്‍ ഫോറക്സ് ട്രേഡിംഗ്, ബീ കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, ടോറസ് റെമഡീസ് എന്നീ കമ്ബനികള്‍ വ്യാജ വിലാസത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ കമ്ബനികളുടെ അക്കൗണ്ടുകള്‍ വഴി കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതായും അന്വേഷണ സംഘം കോടതിയെ അറിയച്ചു. ബിനീഷിന്‍റെ നിര്‍ദേശമനുരിച്ചാണ് താന്‍ ലഹരി വ്യാപാരം നടത്തിയതെന്ന് മുഹമ്മദ് അനൂപ് സമ്മതിച്ചതായും ഇ.ഡി പറയുന്നു.

ബിനീഷ് കോടിയേരിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടു. ബിനീഷ് ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്ന മറ്റ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എന്‍.സി.ബി കസ്റ്റഡി അപേക്ഷ നല്‍കിയത്. ബിനീഷിനെ വീണ്ടും ഇ.ഡി. കസ്റ്റഡിയില്‍ വിട്ടതോടെ എന്‍.സി.ബി അപേക്ഷ തല്‍ക്കാലം പിന്‍വലിച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ നടന്ന റെയ്ഡില്‍ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എ.ടി.എം കാര്‍ഡ് കണ്ടെടുത്തുവെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ഇതില്‍ ബിനീഷിന്റെ ഒപ്പുണ്ട്. പൂട്ടിപോയ മൂന്നു കമ്പനികളിലെ പങ്കാളിത്തവും കണ്ടെത്തി. ഇവരുണ്ടും സംബന്ധിച്ചു വിശദമായ അന്വേഷണം വേണം. കൂടുതല്‍ ചോദ്യം ചെയ്യണം.ഇതായിരുന്നു ഇ.ഡിയുടെ വാദം. ബിനീഷിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കിടത്തി ചികില്‍സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും ഇ.ഡി. അംഗീകരിക്കുന്നില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് നാലു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടു സിറ്റി സെഷന്‍സ് കോടതി ഉത്തരവിട്ടത്.

Related Stories

Anweshanam
www.anweshanam.com