
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന നേതാവ് പികെ ഫിറോസ്. ബംഗളൂരുവിലെ ലഹരി കടത്തുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്നും മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അനൂപിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അനൂപ് പൊലീസിന് നല്കിയ മൊഴിയും പികെ ഫിറോസ് പുറത്തുവിട്ടു. പ്രതികളായ അനഘയും പ്രജേഷും മുഹമ്മദ് അനൂപും നല്കിയ മൊഴി ലഭ്യമാണ്. ഇവര്‍ വലിയ മയക്കുമരുന്ന് മാഫിയ ആണ്. ആദ്യഘട്ടത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന ഹോട്ടലിന് വേണ്ടി ബിനീഷ് പണം മുടക്കി എന്നാണ് അനൂപ് പൊലീസിന് മൊഴി നല്‍കിയത്.
2013 മുതല്‍ മയക്കുമരുന്ന് ബിസിനസുണ്ടെന്ന് അനൂപ് പറയുന്നുണ്ട്. 2015 ല്‍ ആരംഭിച്ച ഹോട്ടലിലാണ് ബിനീഷ് പണം മുടക്കിയത്. 2019 ല്‍ തുടങ്ങി ഹോട്ടലിന് വേണ്ടി ബിനീഷ് ലൈവായി സംസാരിക്കുന്നുണ്ട്. ജൂണില്‍ ലോക്ക് ഡൗണ്‍ കാലത്ത് കുമരകത്ത് നൈറ്റ് പാര്‍ട്ടി നടത്തിയെന്നും ജൂണ്‍ 21 ന് ബിനീഷ് ആലപ്പുഴയിലുണ്ടായിരുന്നെന്നും ഫിറോസ് ആരോപിച്ചു.
ബിനീഷ് കോടിയേരി പണം മുടക്കിയ ഹോട്ടലില്‍ ഞങ്ങള്‍ ഒത്തുകൂടാറുണ്ടെന്നും കുറേ സുഹൃത്തുക്കള്‍ ഉണ്ടെന്നും ഇടപാടുകള്‍ ഉറപ്പിക്കുന്നത് ഇവിടെ വെച്ചാണ് എന്നും അനൂപ് മൊഴിയില്‍ പറയുന്നുണ്ട്. കച്ചവടത്തിന്റെ പ്രധാന കേന്ദ്രമായ ബെംഗളൂരുവിലുള്ള റോയല്‍ അപ്പാട്മെന്റ് സ്യൂട്ടില്‍ ബിനീഷ് നിത്യസന്ദര്ശനകനാണ്. അവിടെയുള്ളവര്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. ഡ്രഗ്സ് മുഴുവന്‍ കൊടുക്കുന്നത് നൈറ്റ് പാര്‍ട്ടികള്‍ക്കാണ്. നിരോധിക്കപ്പെട്ട മയക്കുമരുന്നാണ് മുഹമ്മദ് അനൂപ് വില്‍പ്പന നടത്തിയിരുന്നത്- ഫിറോസ് വ്യക്തമാക്കി.
കേരളത്തിലെ സിനിമാ താരങ്ങള്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ സിനിമാ താരങ്ങളുമായും രാഷ്ട്രീയ നേതൃത്വവുമായും മയക്കുമരുന്ന് മാഫിയയ്ക്കുള്ള ബന്ധം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും ഫിറോസ് പറഞ്ഞു.