ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഓഫീസിൽ
Kerala

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഓഫീസിൽ

സ്വര്‍ണ്ണക്കളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് അന്വേഷിക്കുന്നത്.

News Desk

News Desk

കൊച്ചി: സ്വര്‍ണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഓഫീസിലെത്തി. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ് സേവനകള്‍ ചെയ്തിരുന്ന യുഎഎഫ്‌എക്സ് കമ്പനി, ബിനീഷിന്‍റെ പേരില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

സ്വര്‍ണ്ണക്കളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് അന്വേഷിക്കുന്നത്. സ്വര്‍ണ്ണകള്ളക്കടത്ത് റാക്കറ്റ് സ്വര്‍ണ്ണം കൊണ്ട് വരുന്നതിന് ഫണ്ട് കണ്ടെത്താന്‍ ബെംഗളൂരുവിലെ മയക്ക് മരുന്ന് മാഫിയയുടെ സഹായം തേടിയതായും അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

രണ്ടാഴ്ച മുന്‍പാണ് മലയാളിയായ അനൂബ് മുഹമ്മദ് ഉള്‍പ്പെട്ട മയക്ക് മരുന്ന് റാക്കറ്റ് ബെംഗളൂരിവില്‍ പിടിയിലാകുന്നത്. ചോദ്യം ചെയ്യലില്‍ കെ ടി റമീസുമായും, ബിനീഷ് കോടിയേരിയുമായും അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് മനസ്സിലായി. ബിനീഷ് തന്‍റെ ഹോട്ടല്‍ തുടങ്ങാന്‍ ആറ് ലക്ഷം രൂപ സഹായിച്ചിട്ടുണ്ടെന്നും അനൂബ് മൊഴി നല്‍കി. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച്‌ ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത വിവരവും പുറത്ത് വന്നു.

ഇത് അനധികൃത പണം ഇടപാടുകള്‍ക്ക് വേണ്ടി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇതോടൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിംഗ് പേയ്മെന്‍റുകള്‍ക്കായി ചുമതലപ്പെടുത്തിയിരുന്ന യുഎഎഫ്‌എക്സ് എന്ന സ്ഥാപനത്തിന് പിന്നിലും ബിനീഷിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നു. ഇതിന്‍റെ ഉടമ അബ്ദുല്‍ ലത്തീഫ് ബിനീഷിന്‍റെ ബിനാമിയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Anweshanam
www.anweshanam.com